മഞ്ഞുപെയ്ത വഴികൾ
കാണുമ്പോൾ അത്ര വലിയ സുന്ദരിയായിരുന്നില്ല അഞ്ജലി. അധിക ആരോടും സംസാരിക്കാതെ, തന്റെ ലോകത്ത് മാത്രം ഒതുങ്ങിക്കൂടുന്ന ഒരു പെൺകുട്ടി. ആദ്യമൊക്കെ ഞാൻ വിളിക്കുമ്പോൾ അവൾ വല്ലാതെ ദേഷ്യപ്പെടുമായിരുന്നു. പക്ഷേ, അവളുടെ ആ ദേഷ്യം കേൾക്കാൻ വേണ്ടി മാത്രം ഞാൻ വീണ്ടും വീണ്ടും വിളിച്ചു. പതിയെ പതിയെ ആ ദേഷ്യം സംസാരമായും, ആ സംസാരം പരസ്പരമുള്ള ഒരു ആഴത്തിലുള്ള അടുപ്പമായും മാറി.
ഒരിക്കൽ ഞാനവളോട് ചോദിച്ചു, "നിനക്കെന്നെ ഇഷ്ടമാണോ അഞ്ജലീ...?"
അവൾ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു: "നിനക്ക് എന്നെക്കാൾ എത്രയോ നല്ല പെൺകുട്ടികളെ കിട്ടും. വെറുതെ എന്നെ വിളിച്ച് സമയം കളയേണ്ട."
അവൾ അത് പറയുമ്പോഴും ആ വാക്കുകൾക്കുള്ളിൽ എന്നോടുള്ള പ്രണയമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
ദിവസങ്ങൾ കടന്നുപോയി. പെട്ടെന്നാണ് അവളുടെ വീട്ടിൽ വിവാഹാലോചനകൾ സജീവമായത്.
"എനിക്ക് രണ്ട് വർഷം കൂടി സമയം വേണം..." ഞാൻ അവളോട് ആവശ്യപ്പെട്ടു.
"രണ്ട് വർഷമോ? അത് നടക്കില്ല. നീ എന്നെ ചതിക്കുകയാണോ?" അവൾ സങ്കടത്തോടെ ചോദിച്ചു. "നിനക്ക് ആത്മാർത്ഥമായി എന്നെ ഇഷ്ടമാണെങ്കിൽ എന്റെ വീട്ടിൽ വിളിച്ച് സംസാരിക്ക്."
അവൾ തന്ന നമ്പറിലേക്ക് ഞാൻ വിളിച്ചു. അവളുടെ അമ്മയായിരിക്കും ഫോൺ എടുക്കുക എന്ന് കരുതിയ എനിക്ക് തെറ്റി, ഫോൺ എടുത്തത് അവളുടെ അച്ഛനായിരുന്നു. എന്റെ ജോലിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ചോദിച്ച അച്ഛൻ, കട്ടായമായി പറഞ്ഞു: "ഒരു സാധാരണ ഗ്രാജുവേറ്റിന് എന്റെ മകളെ നിർബന്ധമായും കൊടുത്തുവിടില്ല!"
ആ വാക്കുകൾ കേട്ട് ഞാൻ തകർന്നുപോയി. പക്ഷേ, ഈ കാര്യം അറിഞ്ഞാൽ അവൾ എന്നിൽ നിന്ന് പൂർണ്ണമായി അകന്നുപോകുമോ എന്ന ഭയത്താൽ ഞാൻ ഈ സത്യം അവളോട് മറച്ചുവെച്ചു.
പിന്നീട് ഒരു ദിവസം ഞാൻ വീണ്ടും അവളോട് ചോദിച്ചു, "നിനക്കെന്നെ ഇഷ്ടമാണോ അഞ്ജലീ?"
"ഉവ്വ്, ഇഷ്ടമാണ്..." അവൾ മറുപടി തന്നു.
ധൈര്യം സംഭരിച്ച് ഞാൻ എന്റെ വീട്ടിൽ കാര്യം പറഞ്ഞു. "നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് മുന്നോട്ട് പോകാം" എന്ന് എന്റെ വീട്ടുകാർ കട്ടായം പറഞ്ഞു. സന്തോഷത്തോടെ ഞാൻ അഞ്ജലിയെ വിളിച്ച് ചോദിച്ചു: "നിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ നീ എന്റെ കൂടെ ഇറങ്ങി വരുമോ?"
"ഇല്ല..." യാതൊരു മടിയുമില്ലാതെ അവൾ മറുപടി നൽകി.
ആ മറുപടിക്ക് ശേഷം കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. ഞങ്ങളുടെ സംസാരങ്ങൾ കുറഞ്ഞു. ഇടയ്ക്കൊക്കെ എന്റെ നമ്പറുകൾ ബ്ലോക്ക് ചെയ്യപ്പെടാൻ തുടങ്ങി.
"എന്നെ ഇനി വിളിക്കരുത്," ഒടുവിൽ അവൾ തുറന്നുപറഞ്ഞു.
ഓരോ ദിവസവും ഓരോ പുതിയ കാരണങ്ങൾ പറഞ്ഞ് അവൾ എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങി. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു—മാറ്റങ്ങൾ വന്നത് എന്റെ പ്രണയത്തിനല്ല, എന്നെ ഒഴിവാക്കാൻ അവൾ കണ്ടെത്തിയ വഴിയിലായിരുന്നു എന്ന്!
