ഓർമ്മക്കുറിപ്പുകളിലെ വരികൾ
നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി തനിച്ച് ഇരിക്കുമ്പോൾ അവൻ അറിയാതെ ആ പഴയ കാലത്തിലേക്ക് തിരിഞ്ഞുനോക്കും. അന്ന് അവൾ ഒന്നും പറയാതെ നടന്നുനീങ്ങിയപ്പോൾ ഉള്ളിൽ തോന്നിയത് അപമാനമാണോ അതോ ഹൃദയം തകരുന്ന സങ്കടമാണോ എന്ന് അവന് ഇപ്പോഴും അറിയില്ല. എന്നാൽ ഇന്ന്, വർഷങ്ങൾക്കിപ്പുറം, ആ നിമിഷങ്ങളെ ഓർത്ത് അവൻ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിക്കാറുണ്ട്.
സ്കൂൾ കാലഘട്ടത്തിലെ പ്രണയം എപ്പോഴും അങ്ങനെയാണല്ലോ... ചിലർ അത് വലിയ ഉറക്കെയൊന്ന് പറയാതെ ഉള്ളിൽ സൂക്ഷിക്കും. കയ്യിലുള്ള നല്ലൊരു സൗഹൃദം കൂടി ഇല്ലാതായിപ്പോകുമോ എന്ന ഭയം കൊണ്ടാണ് പലരും പ്രണയം മനസ്സിൽ തന്നെ പൂട്ടിയിടുന്നത്.
പ്ലസ് ടുവിലെ അവസാന നാളുകൾ. കോഴിക്കോട്ടെ ആ പഴയ സ്കൂളിൽ വെച്ചാണ് അവൻ അവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. പഠനത്തിൽ മാത്രമല്ല, നാടകത്തിലും ചിത്രരചനയിലും അവൾ മിടുക്കിയായിരുന്നു. അവളിലെ ആ കലാകാരിയോട് തോന്നിയ കുഞ്ഞു ആരാധന എപ്പോഴോ അറിയാതെ പ്രണയമായി വളരുകയായിരുന്നെന്ന് അവൻ പോലും തിരിച്ചറിഞ്ഞില്ല. മനസ്സിലുള്ളത് തുറന്നുപറഞ്ഞ് അവളെ സ്വന്തമാക്കാൻ അവൻ ഒത്തിരി ആഗ്രഹിച്ചു.
ഒടുവിൽ, ഒരു വൈകുന്നേരം ലൈബ്രറിയുടെ വരാന്തയിൽ വെച്ച് അവൻ ധൈര്യം സംഭരിച്ച് അവളോട് തന്റെ പ്രണയം വെളിപ്പെടുത്തി. പക്ഷേ, അവൻ പ്രതീക്ഷിച്ച മറുപടിക്ക് പകരം അവൾ ഒന്നും മിണ്ടാതെ, അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടെനിന്നും നടന്നുപോയി.
പിന്നീടുള്ള ദിവസങ്ങൾ അവന് കഠിനമായിരുന്നു. അവളുടെ ആ മൗനവും അകൽച്ചയും അവനെ ശ്വാസം മുട്ടിച്ചു. തന്നോട് ഒരു വാക്ക് പോലും സംസാരിക്കാതെ, ക്ലാസിലെ മറ്റുള്ളവരോട് പഴയതുപോലെ ചിരിച്ചു വർത്തമാനം പറയുന്ന അവളെ നോക്കിനിൽക്കുമ്പോൾ അവന്റെ നെഞ്ച് നീറി.
ദിവസങ്ങളും മാസങ്ങളും വേഗത്തിൽ കടന്നുപോയി.
സ്കൂൾ ജീവിതത്തിലെ അവസാന പരീക്ഷയുടെ അവസാന മണി മുഴങ്ങി. എല്ലാവരും യാത്രപറഞ്ഞ് പിരിയുന്ന ദിവസം. ഗേറ്റിനടുത്ത്, വലിയ കൂട്ടത്തിനിടയിൽ നിന്ന് ഇറങ്ങി വരുന്ന അവളെയും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു. അവൾ അടുത്തേക്ക് വന്നപ്പോൾ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
"പരീക്ഷയൊക്കെ നന്നായി എഴുതിയിട്ടുണ്ടാകും എന്ന് കരുതുന്നു. ഇനി നമ്മൾ തമ്മിൽ എപ്പോൾ കാണുമെന്നറിയില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ പറഞ്ഞ് നിന്നെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. എന്നും എനിക്ക് നിന്റെ നല്ലൊരു സുഹൃത്തായിരിക്കാനാണ് ഇഷ്ടം..."
അവൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും, അവന്റെ കൈത്തണ്ടയിൽ ഒരു പിടി വീണു. അവളായിരുന്നു അത്!
അവൾ തന്റെ ഡയറിക്കുള്ളിൽ നിന്ന് മടക്കി വെച്ച ഒരു കടലാസ് കഷ്ണം എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. അവൻ ആവേശത്തോടെയും ആകാംക്ഷയോടെയും അത് നിവർത്തി വായിക്കാൻ തുടങ്ങി:
"നിന്നോട് എനിക്ക് തോന്നിയത് വെറുമൊരു കൗമാരക്കളി മാത്രമായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്റെ പഠനത്തെയും ലക്ഷ്യങ്ങളെയും അത് ബാധിക്കാതിരിക്കാനാണ് ഞാൻ നിന്നിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിച്ചത്. പക്ഷേ, നിന്നെ ഉപേക്ഷിച്ച് അകലാൻ ശ്രമിക്കുംതോറും എന്റെ മനസ്സ് നിന്നിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്കും ഇഷ്ടമാണ് നിന്നെ... ഒരുപാട്..."
കത്ത് വായിച്ചു തീർത്തപ്പോൾ അവന്റെ മുഖത്ത് ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ചുയർന്നു. അവൻ തലയുയർത്തി അവളെ നോക്കിയപ്പോൾ, നാണത്തോടെ പുഞ്ചിരിച്ചു നിൽക്കുന്ന അവളുടെ മനോഹരമായ മുഖമാണ് അവൻ കണ്ടത്.
...പെട്ടെന്ന്, നെറ്റിയിൽ ആരുടെയോ നനുത്ത വിരലുകൾ തഴുകിയപ്പോൾ അവൻ ആ നിമിഷത്തിന്റെ ഓർമ്മകളിൽ നിന്നും കണ്ണുകൾ തുറന്നു.
തൊട്ടടുത്ത് നിൽക്കുന്ന ആ കൈയിൽ പിടിച്ചുകൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അന്ന് സ്കൂൾ മുറ്റത്ത് വെച്ച് കണ്ട അതേ മനോഹരമായ പുഞ്ചിരിയോടെ നിൽക്കുന്ന തന്റെ പങ്കാളിയെ നോക്കി അവൻ പറഞ്ഞു: "ഹാപ്പി ബർത്ത്ഡേ, എൻ പ്രിയതമേ..."
പ്രണയം എന്നത് പ്രായത്തിനോ സാഹചര്യങ്ങൾക്കോ തളച്ചിടാൻ കഴിയാത്ത, മനുഷ്യരിൽ തനിയെ ഉടലെടുക്കുന്ന അപൂർവ്വമായ ഒരു വികാരമാണ്. പ്രണയത്തിന്റെ വിജയം എന്നത് വിവാഹത്തിൽ എത്തുക എന്നത് മാത്രമാണെന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. പ്രണയം ആർക്കും, എപ്പോഴും, ഏത് നിമിഷത്തിലും സംഭവിക്കാം.
ടൈറ്റാനിക്കിലെ ജാക്ക്-റോസ് മുതൽ നമ്മുടെ മൊയ്ദീൻ-കാഞ്ചനമാല വരെ, സാക്ഷാത്കരിക്കപ്പെടാത്ത എത്രയോ പ്രണയങ്ങൾ ജനഹൃദയങ്ങളിൽ അമരമായി നിലനിൽക്കുന്നു!
പ്രണയം ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ്. അതിനെ ഭയപ്പെടേണ്ടതില്ല... അത് ഉള്ളിൽ ഒളിച്ചുവെക്കാതെ തുറന്നു പറയാനും മടിക്കേണ്ടതില്ല!
--- ശുഭം ---