സഹ്യാദ്രിയുടെ മടിത്തട്ടിലെ ശാന്തമായ ഗ്രാമം. മടക്കയാത്രയ്ക്ക് മുൻപ്, നീലച്ചടയൻ കുന്നിലെ പച്ചപ്പുൽമേട്ടിൽ രാഹുലിന്റെ മടിയിൽ തലവെച്ച് കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു കാവ്യ. പ്രകൃതി പോലും അവരുടെ പ്രണയത്തിന് സാക്ഷിയായി നിശബ്ദത പാലിച്ചു. അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു.
പെട്ടെന്ന്, ഒരു ചൂടുള്ള കണ്ണീർത്തുള്ളി അവന്റെ കവിളിൽ പതിച്ചു. രാഹുൽ ഞെട്ടി കണ്ണ് തുറന്നു. കാവ്യ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ആ കണ്ണീരിന്റെ ചൂട് അവന്റെ നെഞ്ചിലേക്ക് പടർന്നു. അവൻ സാവധാനം എഴുന്നേറ്റ്, അവൾക്ക് അഭിമുഖമായി ഇരുന്നു.
"എന്തുപറ്റി കാവ്യ..." അവന്റെ ശബ്ദം വിറച്ചു.
"ഒന്നുമില്ല... ഞാൻ വെറുതെ എന്തൊക്കെയോ ഓർത്തുപോയി."
"എന്തു ഓർക്കാൻ? നല്ലതൊന്നും അല്ലെന്ന് നിന്റെ മുഖം പറയുന്നുണ്ട്."
അവൾ പതുക്കെ പറഞ്ഞു, "ഇന്ന് തിയതി പത്തായി. ഇനി അഞ്ചു ദിവസം കൂടിയേ ഞാൻ നിന്റെ കൂടെ ഉണ്ടാവൂ. പിന്നെ..."
രാഹുൽ അവളുടെ മൈലാഞ്ചി അണിഞ്ഞ കൈകൾ ചേർത്തുപിടിച്ചു. "ഇതിനാണോ നീ വിഷമിച്ചത്? ഞാൻ അങ്ങോട്ട് വരില്ലേ? ദുബായ് അത്ര ദൂരമൊന്നുമല്ലല്ലോ."
"ദുബായ് ദൂരെ തന്നെയാണ് രാഹുൽ... വിളിച്ചാൽ ഓടി വരാൻ കഴിയാത്തത്ര ദൂരം. നിങ്ങൾ എന്തിനാണ് അവിടെ തുടരുന്നത്? ഇവിടെ നമുക്ക് ഒരു ചെറിയ വീടില്ലേ? നീ ബാപ്പയോട് പറ, ഞാൻ ഇവിടെ നിന്നോളാം എന്ന്."
"അതൊന്നും നടക്കില്ല കാവ്യ. അനിയത്തിയുടെ പഠനം, ബാപ്പയുടെ ബിസിനസ്സ്... ഒന്നും പാതിവഴിയിൽ നിർത്താൻ പറ്റില്ല."
അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. "അതൊക്കെ പോട്ടെ. നമ്മുടെ മുന്നിൽ ഇനിയുമുണ്ട് അഞ്ചു ദിവസം. അത് എങ്ങനെ ആഘോഷിക്കണം എന്ന് നീ തീരുമാനിക്ക്."
"തീരുമാനിച്ചു. കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇനി ഒരു തിരിച്ചു വരവ് ഇല്ലെങ്കിലോ..."
"അങ്ങനെയൊന്നും പറയല്ലേ. പറ, ഓരോന്നായി... കേൾക്കട്ടെ."
"നമുക്ക് എങ്ങോട്ടെങ്കിലും പോകാം. വാ..." അവൾ സാവധാനം എഴുന്നേറ്റു. രണ്ടാളും കാറിനടുത്തേക്ക് നടന്നു. കാറിൽ കയറിയതും അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം പറഞ്ഞു.
"എനിക്ക് കള്ളു കുടിക്കണം."
രാഹുൽ വിശ്വസിക്കാനാവാതെ അവളെ നോക്കി. "ഞാൻ പോലും കഴിച്ചിട്ടില്ല. പിന്നെയാണോ നീ? തമാശ പറയല്ലേ."
"തമാശയല്ല. ഒരുപാടൊന്നും വേണ്ട. ജീവിതത്തിൽ ഒരിക്കലെങ്കിലും അതിന്റെ രുചി അറിയണം. പിന്നെ ഒരിക്കലും കഴിക്കില്ല."
അവളുടെ നിർബന്ധത്തിന് വഴങ്ങി അവൻ കാർ മുന്നോട്ട് എടുത്തു. കുറച്ചു ദൂരം ചെന്നപ്പോൾ വഴിയരികിലെ ഒരു ഷാപ്പിന് മുന്നിൽ കാർ നിർത്തി. "നീ ഇവിടെ ഇരിക്ക്, ഞാൻ വാങ്ങി വരാം."
അവൻ ഷാപ്പിനകത്തേക്ക് കയറിപ്പോയി. ഒരു കുപ്പിയിൽ കള്ളുമായി തിരിച്ചുവന്നു. "നീ പുറകിൽ ഇരുന്നു കഴിച്ചോ. ഞാൻ പതുക്കെ ഡ്രൈവ് ചെയ്യാം."
അവൾ പുറകിലെ സീറ്റിലേക്ക് ഇരുന്നു. "ഇതിനൊപ്പം കഴിക്കാൻ ചിക്കനോ മറ്റോ ഇല്ലേ?"
രാഹുൽ അവളെ നോക്കി ഒന്നു ചിരിച്ചു. "നീ സത്യത്തിൽ ആദ്യമായിട്ടാണോ കഴിക്കുന്നത്? സംസാരം കേട്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ."
അവൾ അവനെ നോക്കി പുഞ്ചിരിച്ചു. "ഇതുപോലെയുള്ള ഒരു ഭാര്യയെ കിട്ടണമെങ്കിൽ നീ ഒരുപാട് പുണ്യം ചെയ്യണം."
"ശരിയാ. എന്നാൽ നീ കഴിക്ക്. നമുക്ക് ചെറായി ബീച്ചിലേക്ക് പോകാം."
കള്ള് രണ്ടു കവിൾ ഇറക്കിയതും അവൾ മതിയാക്കി. "എനിക്ക് വേണ്ട. ഇത് ഒട്ടും നല്ലതല്ല."
അവളുടെ നിർദ്ദേശപ്രകാരം അവൻ കുപ്പി പുറത്തേക്ക് എറിഞ്ഞു.
"അതെ, ഇതിനേക്കാൾ നല്ലത് ബിയർ ആണെന്ന് തോന്നുന്നു," അവൾ പതുക്കെ പറഞ്ഞു.
രാഹുൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, വണ്ടി നിർത്തി അവളെ നോക്കി. അവളുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ അവന് ഒന്നും പറയാൻ തോന്നിയില്ല. "ശരി, വാങ്ങാം. പോരെ?"
"മിടുക്കൻ." അവൾ സീറ്റിന്റെ പുറകിലൂടെ അവനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു.
അങ്ങനെ അവർ ചെറായി ബീച്ചിലെത്തി. "നീ വണ്ടിയിൽ ഇരിക്ക്. ഞാൻ പോയി ബിയർ പാർലറിൽ നിന്ന് വാങ്ങി വരാം."
"അത് വേണ്ട. എനിക്ക് അവിടെ ചെന്ന് കഴിക്കണം."
"അവിടെ ആണുങ്ങൾ മാത്രമേ ഉണ്ടാവൂ. എല്ലാം ലോക്കൽ ആളുകൾ ആയിരിക്കും. പ്രശ്നമാവും." അവളെ പിന്തിരിപ്പിക്കാൻ അവൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ അവർ ബിയർ പാർലറിൽ കയറി.
വെയ്റ്ററോട് അവൻ പറഞ്ഞു, "ചേട്ടാ, ഒരു ബിയർ."
"അപ്പൊ മാഡത്തിന്? ജ്യൂസ് എന്തെങ്കിലും എടുക്കണോ സാർ?"
"മാഡത്തിന് ബിയർ, എനിക്ക് ജ്യൂസ്." വെയ്റ്റർ അവരെ രണ്ടിനെയും അത്ഭുതത്തോടെ നോക്കി.
അങ്ങനെ ബിയർ വന്നു. പതഞ്ഞു കവിയുന്ന ബിയർ, ചുറ്റുമുള്ളവരുടെ നോട്ടങ്ങളെ അവഗണിച്ച് അവൾ ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് തലയുയർത്തി അവനെ നോക്കി ചിരിച്ചു, ലോകം കീഴടക്കിയ മട്ടിൽ.
എല്ലാം കഴിഞ്ഞ് അവർ അവിടുന്ന് ഇറങ്ങി. വണ്ടിയിൽ കയറിയതുമുതൽ അവളുടെ സ്നേഹപ്രകടനം അതിരു കടന്നു. "രാഹുൽ, എനിക്ക് ഇന്ന് വീട്ടിൽ പോകണ്ട. നമുക്ക് എങ്ങോട്ടെങ്കിലും പോകാം."
"കാവ്യ, എന്തു ഭ്രാന്താണ് നീ പറയുന്നത്? വീട്ടിൽ പോയില്ലെങ്കിൽ വലിയ പ്രശ്നമാവും."
"ഇല്ല. ഞാൻ ഇന്ന് മുത്തശ്ശിയുടെ വീട്ടിൽ നിൽക്കും എന്നാണ് പറഞ്ഞത്. അങ്ങോട്ടേക്ക് ആരും വിളിക്കില്ല. എന്റെ ഫോണിൽ മാത്രമേ വിളിക്കൂ."
"ശരി. ഇന്ന് രാത്രി എന്തു ചെയ്യും?"
"കറങ്ങണം... എങ്ങോട്ടെങ്കിലും പോകണം." അവൾ ലഹരിയിൽ മുങ്ങിയിരുന്നു. അന്ന് രാത്രി മുഴുവൻ അവൻ ഡ്രൈവ് ചെയ്തു, എങ്ങോട്ടെന്നില്ലാതെ. അവർ മാത്രമായുള്ള ഒരുപാട് നിമിഷങ്ങൾ അവർക്ക് കിട്ടി.
അങ്ങനെ, മനോഹരമായ അഞ്ചു ദിവസങ്ങൾ അവർ ആഘോഷിച്ചു. അഞ്ചു വർഷം കൊണ്ട് കിട്ടുന്ന സന്തോഷം അഞ്ചു ദിവസം കൊണ്ട് അവർ നേടിയെടുത്തു. പിന്നെ അവൾ യാത്രയായി. അവൾ പോയപ്പോഴാണ് അവന് അവളെ എത്രമാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്. എങ്കിലും, ഫോൺ വിളികളിലൂടെ അവർ സ്നേഹം പങ്കുവെച്ചു.
രണ്ടു മാസത്തിനു ശേഷം, ഒരു രാത്രി അവന് അവളുടെ ഫോൺ കോൾ വന്നു. എടുത്തപ്പോൾ അവൾ കരയുകയായിരുന്നു.
"കാവ്യ, എന്തുപറ്റി?"
"എനിക്ക് നിന്നെ കാണണം. ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകും. എന്റെ കല്യാണം ഇവിടെ നോക്കാൻ പോകുന്നു എന്ന് ബാപ്പ പറയുന്നു."
അവൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല. പിന്നെ പതുക്കെ പറഞ്ഞു, "എനിക്കും ആഗ്രഹമുണ്ട് നിന്നെ കാണാൻ. പക്ഷേ, എന്തു ചെയ്യണം എന്നറിയില്ല."
"നീ അല്ലേ പറഞ്ഞത്, കാണാൻ തോന്നിയാൽ ഓടി വരാം എന്ന്?"
"നീ ചെറിയ കുട്ടിയാണോ? വരാൻ വിസ വേണം, പണം വേണം. എന്തൊക്കെ വേണം."
"വിസിറ്റിംഗ് വിസ പെട്ടെന്ന് കിട്ടുമല്ലോ. പിന്നെ പണം... എന്റെ സ്വർണ്ണ മോതിരം പണയം വെച്ചാൽ പോരെ?"
"അത്..." അവൻ പാതി പറഞ്ഞു നിർത്തി.
"ഒന്നും പറയണ്ട. ഒരു മാസം ഞാൻ കാത്തിരിക്കും. അത് കഴിഞ്ഞാൽ..."
"ഞാൻ വരാം."
അവസാനം, അവൻ വാക്ക് പാലിച്ചു. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായത്തോടെ അവൻ സൗദി അറേബ്യയിലെത്തി. (അവൾ അപ്പോഴേക്കും ദുബായിൽ നിന്നും സൗദിയിലേക്ക് മാറിയിരുന്നു). പക്ഷേ, മനസ്സിൽ കരുതിയപോലെ ആയിരുന്നില്ല കാര്യങ്ങൾ. അവനെ തനിയെ കാണാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. കാണാനുള്ള പല മാർഗ്ഗങ്ങളും നോക്കിയെങ്കിലും സാധിച്ചില്ല. അവിടുത്തെ കടുത്ത നിയമങ്ങളായിരുന്നു പ്രശ്നം.
ഒരുപാട് കാലം നിൽക്കാൻ അവന്റെ സാമ്പത്തികം അനുവദിക്കുമായിരുന്നില്ല. അവൻ തിരിച്ചു വരാൻ തീരുമാനിച്ചു. അവൻ അവളെ അത് അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് അവസാന ശ്രമം എന്ന നിലയ്ക്ക്, അവൻ താമസിക്കുന്ന മുറിയിലേക്ക് അവൾ പോകാൻ തീരുമാനിച്ചത്. കൂടെയുള്ളവർ എല്ലാവരും ജോലിക്ക് പോയതുകൊണ്ട് അവൻ മുറിയിൽ തനിച്ചായിരുന്നു.
പലരുടെയും കണ്ണ് വെട്ടിച്ച് അവളെയും കൂട്ടി അവൻ മുറിയിലെത്തി. മുറിയിലെത്തിയ ഉടനെ അവൾ കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക് വീണു. അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അവൻ അവളെ അടർത്തി മാറ്റി.
"കാവ്യ... കരയല്ലേ. ഞാൻ വന്നില്ലേ? ഞാൻ പറഞ്ഞില്ലേ, നീ വിളിച്ചാൽ ഓടി വരുമെന്ന്? പ്രണയത്തിന് കടലുകൾ ഒരു തടസ്സമേ അല്ല." അവൾ ഒന്നും പറഞ്ഞില്ല, വീണ്ടും അവന്റെ നെഞ്ചോട് ചേർന്നു നിന്നു.
അപ്പോഴാണ് പുറത്ത് എന്തോ ശബ്ദം അവൻ കേൾക്കുന്നത്. അവൻ പതുക്കെ ജനൽ കർട്ടൻ മാറ്റി താഴേക്ക് നോക്കി.
"കാവ്യ, പോലീസ് ആണെന്ന് തോന്നുന്നു." അവൻ താഴേക്ക് നോക്കി പറഞ്ഞു. അവൾ ജനലരികിലേക്ക് വന്ന് താഴേക്ക് നോക്കി.
"അയ്യോ... മുതവീൻ ആണ്! സൗദി പോലീസ്! എന്റെ റബ്ബേ, നമ്മുടെ കാര്യം തീർന്നു." അവൾ കരയാൻ തുടങ്ങി.
"നീ എന്തിനാ പേടിക്കുന്നത്? നമുക്ക് സത്യം പറയാമല്ലോ."
"ഇത് നമ്മുടെ നാട്ടിലെപോലെ അല്ല രാഹുൽ. ഇതൊക്കെ വലിയ തെറ്റാണ്. നമ്മളെ പിടിച്ചാൽ ശിക്ഷ കഠിനമായിരിക്കും."
അവൻ ഉടനെ സുഹൃത്തിനെ വിളിച്ചു, കാര്യം പറഞ്ഞു.
"നീ എന്തു പണിയാണ് കാണിച്ചത്? ആരോ പോലീസിനെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും. നിനക്ക് അറിയാമോ പിടിക്കപ്പെട്ടാൽ ശിക്ഷ എന്താണെന്ന്? നിന്നെയും ആ കുട്ടിയെയും... ഇവിടെ നിയമം വളരെ കർശനമാണ്." അവൻ പരിഭ്രമത്തോടെ പറഞ്ഞു.
"ഇനി എന്താ ചെയ്യാ?" അവൻ പതറിയ ശബ്ദത്തോടെ ചോദിച്ചു. പക്ഷേ ഫോൺ കട്ടായിപ്പോയിരുന്നു.
അവൻ ദയനീയമായി അവളെ നോക്കി. "കാവ്യ... നമ്മൾ ഇനി എന്താണ് ചെയ്യുക?"
"എനിക്ക് അറിയില്ല." അവൾ തളർന്ന് നിലത്തിരുന്നു. പെട്ടെന്ന് ആരോ വാതിലിൽ മുട്ടി. അവൻ വിറയാർന്ന കാലുകളോടെ വാതിലിന്റെ അടുത്തേക്ക് നടന്നു. വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കി.
താഴെ കണ്ട പോലീസുകാർ തന്നെ. അവൻ തിരിഞ്ഞു നിന്ന് അവളെ നോക്കി. പിന്നെ കണ്ണുകൾ അടച്ചു. അവൾക്ക് സമീപം ഇരുന്നു.
"ഒരു വഴിയുണ്ട്..." അവൻ പതുക്കെ പറഞ്ഞു.
"ഇല്ല, ഒരു വഴിയും ഇല്ല..." അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു.
"വഴിയുണ്ട്. നീ ഒന്ന് കണ്ണടച്ചേ."
"കണ്ണടക്കാനോ? എന്തു ഭ്രാന്താണ് നീ പറയുന്നത്?" കരഞ്ഞുകൊണ്ട് അവനെ നോക്കി.
"ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ?" അവൻ ദയനീയതയോടെ അവളെ നോക്കി.
അവൾ പതുക്കെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അടച്ചു. പെട്ടെന്ന് അവളുടെ തലയിൽ കടുപ്പമുള്ള എന്തോ ഒന്ന് പതിച്ചു. അവൾ മങ്ങിയ കാഴ്ചയോടെ തറയിലേക്ക് വീണു. പക്ഷേ ഒന്നുമാത്രം അവൾ കണ്ടു... കയ്യിൽ ഒരു വടിയുമായി അവൻ നിൽക്കുന്നു.
ഓർമ്മ വരുമ്പോൾ അവൾ ആശുപത്രിയിലാണ്. ചുറ്റും ഒരുപാട് പേർ. അവൾ പതുക്കെ ചുറ്റും കണ്ണോടിച്ചു.
"മോൾ കണ്ണ് തുറന്നുട്ടോ." ആരോ പറഞ്ഞതുകേട്ട് ഉമ്മ ഓടി അവളുടെ അടുത്തിരുന്നു.
"ഉമ്മാ..." അവൾ പതുക്കെ വിളിച്ചു. "ഞാൻ..." അവൾ പാതി മുഴുമിപ്പിക്കാതെ നിർത്തി.
"പേടിക്കണ്ട. ആ രാഹുലിനെ പോലീസ് പിടിച്ചു. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവൻ ചതിക്കും എന്ന്." അവൾ കണ്ണുമിഴിച്ച് ഉമ്മയെ നോക്കി.
"അവൻ എല്ലാം സമ്മതിച്ചു. നിന്നെ നശിപ്പിക്കാനും പണത്തിനും വേണ്ടിയാണ് നിന്നോട് അടുത്തത്. ഇന്നലെ നിന്നെ പിടിച്ച് വണ്ടിയിൽ കയറ്റി അവിടെ കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചതാണ്. അവൻ അതെല്ലാം പോലീസിനോട് പറഞ്ഞു. അതെല്ലാം ബാപ്പയും കേട്ടതാണ്."
അവളുടെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി. തൊണ്ട വറ്റുന്ന പോലെ.
"ഉമ്മാ..." അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു.
"അവനെ ഇന്ന് ശിക്ഷിക്കും. ചതി, വധശ്രമം... ഇതിനൊക്കെ ഇവിടെ അതാണ് നിയമം. നമ്മുടെ നാട്ടിലെ പോലെ ശിക്ഷ വൈകില്ല. അപ്പോൾ തന്നെ നടപ്പാക്കും."
"ദാ, ബാപ്പ വിളിക്കുന്നു." ഉമ്മ ഫോൺ എടുത്ത് അവളുടെ ചെവിയിലേക്ക് ചേർത്തു പിടിച്ചു.
"മോളെ, ബാപ്പയാണ്. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ. ഡോക്ടർ പറഞ്ഞിട്ടുണ്ട്, പേടിക്കാൻ ഒന്നുമില്ലെന്ന്. ചെറിയൊരു അടി മാത്രമാണ്. നിനക്ക് വയ്യാത്തതുകൊണ്ടാണ് അഡ്മിറ്റ് ചെയ്യേണ്ടി വന്നത്."
അവൾ ചെറുതായി ഒന്നു മൂളി. പിന്നെ പതുക്കെ കണ്ണുകൾ അടച്ചു. അവളുടെ കണ്ണുകളിൽ ഓരോ കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി... പഴയ നീലച്ചടയൻ കുന്നിലെ പുൽമേട്, കാറിന്റെ പുറകിലെ സീറ്റ്, ബിയർ ഗ്ലാസ്...
അല്പം കഴിഞ്ഞപ്പോൾ അവളുടെ ഉമ്മ വന്ന് അവളുടെ അടുത്തിരുന്നു. "ഡ്രൈവർ സലിം ഇപ്പോൾ വിളിച്ചിരുന്നു. അവന്റെ ശിക്ഷ നടപ്പാക്കി."
അവൾ ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞിരുന്നു. ആ കണ്ണീർ അവളുടെ മരവിച്ച കവിളിലൂടെ താഴേക്ക് ഒഴുകി. അവളുടെ പ്രണയം ആരും അറിയാത്ത ഒരു രഹസ്യമായി അവളോടൊപ്പം മണ്ണിലേക്ക് ചേർന്നു.
ഈ മരണം ഒരു പ്രണയമാണ്... ആരും അറിയാത്ത, ആർക്കും മനസ്സിലാകാത്ത പ്രണയം.