FACEBOOK CHATING LOVE short stories



അണയാത്ത മെഴുകുതിരികൾ മലയാളം 

കെവിൻ: "പ്രണയം...?"
ക്രിസ്റ്റി: "ആവോ, എനിക്കറിയില്ല... ഇതാണോ പ്രണയം? പക്ഷെ എനിക്ക് നിന്നോട് തോന്നുന്നത് അതാണെന്ന് തോന്നുന്നു..."
കെവിൻ: "ആയിരിക്കാം, പക്ഷെ ഇത് ശരിയാവില്ല ക്രിസ്റ്റി. ഇതൊന്നും വേണ്ട..."
ക്രിസ്റ്റി: "എന്താ കെവിൻ... നിനക്കെന്നെ ഇഷ്ടമല്ലേ?"
കെവിൻ: "ഇഷ്ടമാണ്. പക്ഷെ പ്രായത്തിന്റെ തണുപ്പില്ലാത്ത ചൂടാണ് നിനക്കിപ്പോൾ. നീയൊരു വിദ്യാർത്ഥിയല്ലേ? നാളെ പഠിച്ച് നല്ലൊരു ജോലിയൊക്കെ കിട്ടി, ഒരുപാട് ദൂരം സഞ്ചരിക്കാനുള്ളതാണ്. അതിനിടയിൽ ഞാൻ നിനക്കൊരു തടസ്സമാകരുത്..."
ക്രിസ്റ്റി: "ഇതു അങ്ങനെയൊന്നുമല്ല... നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്. എനിക്ക് വേറെയൊന്നും വേണ്ട, നിന്നെ മാത്രം മതി കെവിൻ!"
കെവിൻ: "പക്ഷെ..."
ക്രിസ്റ്റി: "ഒന്നും പറയേണ്ട, ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ മതി!"
കെവിൻ: "എനിക്ക് ആലോചിക്കണം... കുറച്ച് സമയം വേണം..."
ക്രിസ്റ്റി: "എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം."
കെവിൻ: "ശരി... ഗുഡ് നൈറ്റ്."
ക്രിസ്റ്റി: "പോവാണോ...?"
കെവിൻ: "ഉം... വല്ലാത്ത തലവേദന."
ക്രിസ്റ്റി: "പോയി ഉറങ്ങിക്കോ കെവിൻ. നീ ആ മനസ്സു തുറന്ന് ഉത്തരം പറയുന്ന ആ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കും... ഐ ലവ് യൂ..."
അവൾ പിന്നെയും കുറെ നേരം കെവിനിൽ നിന്നൊരു മറുപടിക്കായി മെസ്സഞ്ചറിൽ കാത്തിരുന്നു. പക്ഷേ, പ്രതികരണമൊന്നുമുണ്ടായില്ല.
അന്ന് രാത്രി മാത്രമല്ല... പിന്നീട് അങ്ങോട്ടുള്ള ഒരു ദിവസവും അവന്റെ സന്ദേശങ്ങൾ എത്തിയില്ല. ഭ്രാന്ത് പിടിച്ചതുപോലെ ക്രിസ്റ്റി അവനെ വിളിച്ചു നോക്കി, ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ദിവസങ്ങൾ ആഴ്ചകളിലേക്ക് വഴിമാറി. രാത്രിയുടെ ഇരുട്ടിൽ ഉറക്കം അവളുടെ കണ്ണുകളെ കീഴടക്കുന്നത് വരെ അവൾ കെവിന്റെ പ്രൊഫൈലിലേക്ക് നോക്കിയിരുന്നു. ഓരോ ദിവസവും തീരുന്നതിനു മുൻപ് അവൾ അവനൊരു സന്ദേശമയക്കും:
"ദിവസം: 15... കാത്തിരിക്കുന്നു ഞാൻ നിനക്കായി..."
ദിവസങ്ങളുടെ എണ്ണം മാറുമ്പോഴും അവളുടെ കാത്തിരിപ്പിന്റെ ആഴം കൂടിക്കൂടി വന്നു.
ദിവസം: 38.
അന്ന് കെവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തത് അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. അപ്രതീക്ഷിതമായി ഇൻബോക്സിലെ ക്രിസ്റ്റിയുടെ പ്രൊഫൈൽ അവൻ തുറന്നുനോക്കി.
"Day No: 38. കാത്തിരിക്കുന്നു ഞാൻ നിനക്കായി..."
പഴയ മെസ്സേജുകൾ വായിച്ചു നോക്കിയ ആ കൂട്ടുകാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നെഞ്ചുപൊട്ടുന്ന ഒരു സത്യം അവളോട് വിളിച്ചു പറയാൻ അവൻ ആഗ്രഹിച്ചു—"നീ കാത്തിരിക്കുന്ന കെവിൻ ഇനി ഒരിക്കലും മടങ്ങിവരില്ല... മടക്കമില്ലാത്ത ഏതോ ലോകത്തേക്ക് ദൈവം അവനെ തിരികെ വിളിച്ചുപോയി!"
പക്ഷേ, ആ ദാരുണമായ സത്യം താങ്ങാൻ ക്രിസ്റ്റിക്കാവില്ലെന്നും, കേട്ടാൽ അവൾ എന്തെങ്കിലും അബദ്ധം കാണിക്കുമെന്നും അവൻ ഭയന്നു. കുറച്ചുനാൾ അക്കൗണ്ട് ഇല്ലാതായാൽ, അവൾ കെവിനെ മറക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് മടങ്ങുമെന്നും കരുതി, അണയാത്ത കണ്ണീരോടെ അവൻ കെവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്നെന്നേക്കുമായി ഡീആക്റ്റിവേറ്റ് ചെയ്തു.
എന്നും ചെയ്യുന്നതുപോലെ അന്നും ക്രിസ്റ്റി അക്കൗണ്ടിൽ കയറി. പക്ഷേ, കെവിന്റെ പ്രൊഫൈൽ അവിടെയുണ്ടായിരുന്നില്ല. ഒടുവിൽ അവൻ തന്നെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി അവൾ അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ കരഞ്ഞു. എങ്കിലും, എന്നെങ്കിലും അവൻ മടങ്ങിവരുമെന്ന് വിശ്വസിക്കാൻ അവളുടെ ഹൃദയം കൊതിച്ചു.
പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകുന്ന വഴി, അടുത്തുള്ള ചെറിയ കടയിൽ കയറി അവളൊരു മെഴുകുതിരി വാങ്ങി. പള്ളിയുടെ പടിവാതിലിനോട് ചേർന്നുള്ള മാതാവിന്റെ തിരുരൂപത്തിന് മുന്നിൽ ചെന്ന്, ചെറിയൊരു കടലാസുതുണ്ടിൽ അവൾ എഴുതി:
"Day No: 40. കാത്തിരിക്കുന്നു ഞാൻ നിനക്കായി..."
ആ കടലാസ് കഷ്ണം മെഴുകുതിരിയിൽ പൊതിഞ്ഞ്, അവൾ മാതാവിന് മുന്നിൽ കത്തിച്ചു വെച്ചു.
വർഷങ്ങൾ പലതു കഴിഞ്ഞു. കാലവും ദൂരവും മനുഷ്യരും മാറിമറിഞ്ഞു. പക്ഷേ, ക്രിസ്റ്റി മാത്രം മാറിയില്ല...
ഒരിക്കലും മടങ്ങിവരാത്ത തന്റെ കെവിനായി അവൾ കൊളുത്തി വെച്ച മെഴുകുതിരികൾ, അണയാത്ത പ്രണയത്തിന്റെ പ്രതീകമായി ആ തിരുരൂപത്തിന് മുന്നിൽ ഇന്നും എരിഞ്ഞുനിൽക്കുന്നു... പെയ്തൊഴിയാത്ത ഒരുപാട് സ്വപ്നങ്ങളുടെ കണ്ണീർമഴപോലെ!

Post a Comment

Thanks from your support

Previous Next

نموذج الاتصال