നഷ്ട്ടപ്രണയം ഇച്ചായൻ Short Stories


​ആരും കാണാത്ത കാഴ്ച


​രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടും പുറത്ത് മഴ തോർന്നിട്ടില്ലായിരുന്നു. ജനലിലൂടെ തണുത്ത കാറ്റ് അരിച്ചെത്തുന്നുണ്ട്.
​ഭാര്യ : "ഏട്ടാ... ഉറങ്ങിയോ?"
ഭർത്താവ് : "മ്മ്മ്... ഉറങ്ങാൻ പോകുവാ. നാളെ നേരത്തെ സൈറ്റിൽ എത്തേണ്ടതാ..."
ഭാര്യ : "ഒന്ന് എണീറ്റിരുന്നേ... ഈ തണുപ്പത്ത് എനിക്ക് ഒട്ടും ഉറക്കം വരുന്നില്ല. എന്തെങ്കിലും വർത്തമാനം പറ."
ഭർത്താവ് : "പെണ്ണേ, ഒമ്പതാം മാസത്തിൽ ഇങ്ങനെ ഉറക്കമിളച്ചാൽ കൊച്ചിന് ക്ഷീണമാകും. ആ കുഷ്യനിലേക്ക് ചാരി കിടന്ന് കണ്ണടച്ചേ..."
ഭാര്യ : "ഇല്ല, എനിക്ക് വയറ്റിലിരിക്കുന്ന കുഞ്ഞുവാവയ്ക്ക് കേൾക്കാൻ ഒരു നല്ല കഥ പറഞ്ഞു തരണം. ഇല്ലെങ്കിൽ ഞാൻ താഴെ അമ്മയുടെ അടുത്തേക്ക് പോകും!"
ഭർത്താവ് : (ചിരിച്ചുകൊണ്ട്) "ആഹാ, അത്രക്കായോ? ഇങ്ങോട്ട് ചേർന്നിരിക്ക്... ഒരു കഥ പറയാം."
ഭാര്യ : "മ്മ്... ഇനി പറ, ഞാൻ കേൾക്കാം."
​ഭർത്താവ് : "പണ്ട്, മലയോരത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. കഷ്ടപ്പാടും കടങ്ങളും മാത്രമായിരുന്നു അവന്റെ സമ്പാദ്യം. ഒടുവിൽ കടം വീട്ടാൻ അവൻ നഗരത്തിലെ ഒരു വലിയ ലൈബ്രറിയിൽ പ്യൂണായി ജോലിക്ക് കയറി."
ഭാര്യ : "ആഹാ... എന്നിട്ട്?"
ഭർത്താവ് : "അവിടെ വെച്ചാണ് അവൻ അവളെ കാണുന്നത്. നഗരത്തിലെ ഒരു വലിയ തറവാട്ടിലെ പെൺകുട്ടി. എല്ലാ വൈകുന്നേരങ്ങളിലും പുസ്തകങ്ങൾ തേടി അവൾ അവിടെ വരുമായിരുന്നു. അവളുടെ ചിരിയും സംസാരവും ആ പാവം പയ്യന്റെ ജീവിതത്തിലെ വലിയൊരു വെളിച്ചമായി മാറി."
ഭാര്യ : "അവൾ അവനെ മൈൻഡ് ചെയ്തോ?"
ഭർത്താവ് : "ആദ്യം വെറുമൊരു പരിചയം മാത്രമായിരുന്നു. ഒരിക്കൽ തട്ടിമറിഞ്ഞു വീണ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്ന് തുടങ്ങിയ സൗഹൃദം പതിയെ വലിയൊരു പ്രണയമായി വളർന്നു. പണവും പദവിയുമൊന്നും സ്നേഹത്തിന് മുന്നിൽ തടസ്സമല്ലെന്ന് അവളാണ് അവനെ പഠിപ്പിച്ചത്."
ഭാര്യ : "റൊമാന്റിക് ആണല്ലോ... എന്നിട്ട് അവർ ഒന്നിച്ചോ?"
ഭർത്താവ് : "പഠനം കഴിഞ്ഞ്, ആരുമറിയാതെ ഒരു പുതിയ ജീവിതം തുടങ്ങാൻ അവർ ഒരു ട്രെയിൻ കയറി... പക്ഷേ..."
ഭാര്യ : "പക്ഷേ...?"
​ഭർത്താവ് : "അവർ സഞ്ചരിച്ച ട്രെയിൻ ഒരു വലിയ അപകടത്തിൽ പെട്ടു. പുഴയിലേക്ക് മറിഞ്ഞ ബോഗികളിൽ പെട്ട് ആ പെൺകുട്ടി... അവൾ അവിടെ വെച്ച് തന്നെ യാത്രയായി..."
ഭാര്യ : (കണ്ണുനിറഞ്ഞ്) "അയ്യോ... കഷ്ടം! അപ്പൊ അവൻ?"
ഭർത്താവ് : "തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അവൻ രക്ഷപ്പെട്ടു. പക്ഷേ, ആ ആഘാതത്തിൽ അവന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു."
ഭാര്യ : "ശോ... സങ്കടമായി ഏട്ടാ. പ്രിയപ്പെട്ടവളും പോയി, കാഴ്ചയും പോയി... എന്നിട്ടവൻ എങ്ങനെ ജീവിച്ചു?"
ഭർത്താവ് : "അവൻ തനിച്ചായില്ല. മരണത്തിന് തൊട്ടുമുമ്പ് അവൾ ഒപ്പിട്ടു വെച്ചിരുന്ന സമ്മതപത്രത്തിലൂടെ, അവളുടെ കണ്ണുകളിലൊന്ന് അവന് ലഭിച്ചു. അങ്ങനെ, അവളിലൂടെ അവൻ വീണ്ടും ഈ ലോകം കണ്ടുതുടങ്ങി."
ഭാര്യ : "എന്റെ ദൈവമേ... എത്ര വലിയ സ്നേഹം!"
ഭർത്താവ് : "മ്മ്... കാലം കുറെ കഴിഞ്ഞപ്പോൾ കുടുംബക്കാരുടെ നിർബന്ധത്തിന് വഴങ്ങി അവൻ മറ്റൊരു വിവാഹം കഴിച്ചു. ഇന്ന് അവന് സ്നേഹമുള്ളൊരു ഭാര്യയുണ്ട്, പിറക്കാൻ പോകുന്നൊരു കുഞ്ഞുണ്ട്... കഥ കഴിഞ്ഞു. ഇനി കണ്ണടച്ചുറങ്ങ്."
​ഭാര്യ : "കഥ അടിപൊളിയായിരുന്നു... പക്ഷേ ആ ചെക്കന്റെ മനസ്സ് ഓർക്കുമ്പോഴാ വിഷമം. ഏട്ടൻ കിടക്കുന്നില്ലേ?"
ഭർത്താവ് : "ദാ വരുന്നു... മുഖമൊന്ന് കഴുകിയിട്ട് വരാം."
​ബാത്ത്‌റൂമിലെ മങ്ങിയ വെളിച്ചത്തിൽ, അവൻ വാഷ് ബേസിനിലെ കണ്ണാടിക്ക് മുന്നിൽ നിന്നു.
​തന്റെ വലതു കണ്ണിന്റെ താഴെയുള്ള ആ പഴയ തുന്നലടയാളത്തിൽ അവൻ പതിയെ വിരലമർത്തി. ആ കണ്ണിലൂടെ ഒരു തുള്ളി കണ്ണീർ ഇറ്റിറ്റു വീണു.
​പുറത്തുറങ്ങുന്ന ഭാര്യയെയും, അവളുടെ ഉദരത്തിൽ തുടിക്കുന്ന ജീവനെയുമെല്ലാം കാണാൻ തനിക്ക് കാഴ്ച നൽകിയ ആ പഴയ മുഖത്തെ മനസ്സിലോർത്ത് അവൻ സ്വയം മന്ത്രിച്ചു:
​"നന്ദി... എന്നും എന്നിലൂടെ നീ ജീവിക്കുന്നതിന്..."




Post a Comment

Thanks from your support

Previous Next

نموذج الاتصال