വെളിച്ചത്തിലേക്ക് ഒരു കവർ
, 9 ക്ലാസിലെ ഒരു ഉച്ചനേരത്താണ് ഭൂമി താഴേക്ക് ഒലിച്ചുപോകുന്നതായി ദേവികയ്ക്ക് തോ്ന്നിയത്. ഡ്രസ്സിൽ പടർന്ന ചുവപ്പു കണ്ടപ്പോൾ ഏതോ മാരകരോഗം വന്ന് താൻ മരിക്കാൻ പോവുകയാണെന്ന് കരുതി അവൾ വിങ്ങിപ്പൊട്ടി. അന്ന് ക്ലാസിലെ ബാക്കി കുട്ടികളെ കളിസ്ഥലത്തേക്ക് മാറ്റി നിർത്തി അവളുടെ പേടി മാറ്റിയത് നാസർ മാഷായിരുന്നു. പിന്നീട് അവളെ ചേർത്തുപിടിച്ച്, "മോളെ, നീ വലിയ കുട്ടിയായതിന്റെ ലക്ഷണമാണിത്" എന്ന് പതുക്കെ പറഞ്ഞു കൊടുത്തത് റോസമ്മ ടീച്ചറും.
ടീച്ചറോടൊപ്പം വീട്ടിലെത്തിയപ്പോൾ അമ്മയുടെ മുഖത്ത് കണ്ട സന്തോഷം ദേവികയിൽ ദേഷ്യമുണ്ടാക്കി. 'എനിക്ക് അസുഖം വന്നപ്പോൾ അമ്മ ചിരിക്കുകയാണോ?' എന്നായിരുന്നു അവളുടെ ചിന്ത. പക്ഷേ, വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.
പിറ്റേന്ന് മുതൽ അവളുടെ ചുറ്റും ഒരു മതിൽ ഉയർന്നു. "നീ വലിയ കുട്ടിയായി, ഇനി ആൺകുട്ടികളുടെ കൂടെ കളിക്കരുത്." കിടപ്പറയിൽ അനിയനും അവൾക്കുമിടയിൽ ഒരു മറ വന്നു. പേഡുകൾ ആരും കാണാതെ, ഏറ്റവും വലിയ രഹസ്യം പോലെ ഒളിച്ചുവെക്കാൻ അമ്മ പഠിപ്പിച്ചു. 'വയറുവേദന' എന്ന കോഡ് ഭാഷയിൽ തള്ളിനീക്കുന്ന ആ കഠിനദിനങ്ങൾ മറച്ചുവെക്കേണ്ട ഒരു മഹാ അപരാധമാണെന്ന് അവൾക്ക് തോന്നിത്തുടങ്ങി.
വർഷങ്ങൾക്കിപ്പുറം, കോളേജ് ഡേയ്സിൽ ഒരുനാൾ അപ്രതീക്ഷിതമായി ഡേറ്റ് തെറ്റി ആർത്തവമെത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായത്. കയ്യിൽ പാഡില്ല. കൂട്ടുകാരുടെ കയ്യിലും ഇല്ല. ഒടുവിൽ കോളേജിന് പുറത്തെ മെഡിക്കൽ ഷോപ്പിലേക്ക് ഓടി. അവിടെ കുറച്ച് ആൺകുട്ടികൾ നിൽക്കുന്നത് കണ്ട് അവൾ മടിച്ചുനിന്നു. ഒടുവിൽ മടി മാറ്റിവെച്ച് പാഡ് വാങ്ങി.
പക്ഷേ പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ ചില സീനിയർ പയ്യന്മാരുടെ ചിരിയും, മുനവെച്ച സംസാരവും, ബ്രെഡിനെക്കുറിച്ചുള്ള തമാശകളും അവളെ തേടിയെത്തി. ബ്രെഡ് എന്ന് ഉദ്ദേശിച്ചത് ഇന്നലെ അവൾ വാങ്ങിയ പാഡിനെക്കുറിച്ചാണെന്ന് കൂട്ടുകാരി ദിവ്യ പറഞ്ഞപ്പോഴാണ് ദേവികയ്ക്ക് കാര്യം മനസ്സിലായത്.
അതവളെ വേദനിപ്പിച്ചെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ അവൾക്ക് തോന്നി, 'തെറ്റ് ആ പയ്യന്മാരുടേത് മാത്രമല്ല. സാധാരണമായ ഒരു ശരീരപ്രക്രിയയെ നമ്മൾ തന്നെ അത്രമേൽ അതീവ രഹസ്യമാക്കി കൊണ്ടുനടക്കുമ്പോൾ, അത് അറിയാത്തവരിൽ അതൊരു കൗതുകമോ പരിഹാസമോ ആയി മാറുന്നു.'
അന്ന് വൈകുന്നേരം, കളിയാക്കിയ പയ്യന്റെ അടുത്തെത്തി അവൾ ശാന്തമായി പറഞ്ഞു: "എനിക്ക് മാത്രമല്ല, നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ ഉള്ള ഒന്നാണിത്."
അവന്റെ മുഖത്ത് വിരിഞ്ഞ അമ്പരപ്പും ദേഷ്യവും ഒരു കത്തിയുണ്ടായിരുന്നെങ്കിൽ അവളെ കുത്തിക്കൊല്ലാൻ പോന്നതായിരുന്നു!
വീട്ടിലേക്കുള്ള വഴിയിൽ സ്ത്രീകൾ മാത്രം നിൽക്കുന്ന കടയിൽ നിന്നാണ് പതിവായി പാഡ് വാങ്ങാറുള്ളത്. കടക്കാരൻ പതിവുപോലെ പത്രക്കടലാസിലും കറുത്ത പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞു തന്നു. വീട്ടിലെത്താറായപ്പോൾ ദേവിക ആ പൊതികളെല്ലാം അഴിച്ചുമാറ്റി, പാഡ് വെറും കയ്യിൽ പിടിച്ചു.
മുറ്റത്ത് അയൽപക്കത്തെ ചേച്ചിയോട് സംസാരിച്ചു നിൽക്കുകയായിരുന്ന അമ്മ മകളുടെ കയ്യിലെ പാഡ് കണ്ട് ഞെട്ടി. മുറിയിലേക്ക് പുറകെ വന്ന അമ്മ ശബ്ദമുയർത്തി: "നീയിത് എങ്ങനെയാ ഈ കൊണ്ടുപോകുന്നത്? ഇതൊന്ന് പൊതിഞ്ഞു കൊണ്ടുവന്നാൽ എന്താ?"
"അതിനുമാത്രം രഹസ്യമായ എന്താണ് അമ്മേ ഇതിലുള്ളത്?" അവൾ തിരിച്ചുചോദിച്ചു.
"പെൺകുട്ടികൾ ആയാൽ അല്പം അടക്കവും ഒതുക്കവും വേണം," അമ്മ പതിവ് ഉപദേശം തുടങ്ങി. "ഇന്ന് വൈകുന്നേരം ഞാൻ അമ്പലത്തിൽ പോകുന്നുണ്ട്, നീ ഇവിടെ നിന്നാൽ മതി. അനിയൻ വരുമ്പോൾ ഭക്ഷണം എടുത്തുകൊടുക്കണം."
"ഞാനും വരും അമ്പലത്തിൽ," അവൾ വാശിപിടിച്ചു.
"നിനക്ക് പറ്റാത്ത സമയമല്ലേ, നീ വരണ്ട!"
"ഞാൻ അകത്തു കയറില്ല, പുറത്തു നിന്നോളാം."
ഒടുവിൽ അമ്മ സമ്മതിച്ചു. അമ്പലത്തിലെത്തിയപ്പോൾ പണ്ട് വീട്ടിൽ പൂജയ്ക്ക് വരാറുള്ള നമ്പൂതിരി അവിടെ നിൽക്കുന്നു. അമ്മയോട് വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു: "അല്ല, മോൾ കയറുന്നില്ലേ?"
"അവൾക്ക് പറ്റാത്ത സമയമാണ്," അമ്മ മടിച്ചു മടിച്ചു പറഞ്ഞു.
നമ്പൂതിരി നെറ്റി ചുളിച്ചു: "അയ്യോ! അങ്ങനെയുള്ളവരെ തൊട്ടാൽ കുളിച്ചിട്ടേ അമ്പലത്തിൽ വരാവൂ, അതാണ് പതിവ്." സാരിത്തുമ്പ് കടിച്ച് അമ്മ നിശബ്ദയായി.
ദേവിക മുന്നോട്ട് വന്നു ചോദിച്ചു: "തിരുമേനി, കുളിച്ചാൽ അശുദ്ധി മാറുമോ?"
"പിന്നല്ലാതെ! അതിലെന്താ സംശയം?"
"അമ്മ രാവിലെ മീൻ കഴിച്ചിട്ടാണ് കുളിച്ചു അമ്പലത്തിൽ വന്നത്. അപ്പോൾ വയറ്റിൽ മീൻ കിടന്നാലും കുളിച്ചാൽ ശുദ്ധിയാകുമോ?"
നമ്പൂതിരി ഒന്ന് പതറി: "അതിനൊക്കെ ഓരോ കാരണങ്ങളുണ്ട് കുട്ട്യേ. നിങ്ങളുടെ മോഡേൺ സയൻസിൽ തന്നെ പറയുന്നില്ലേ, ഇത് വിസർജ്യം പുറന്തള്ളുന്ന ഒന്നാണെന്ന്. അമ്പലം അല്പം ശുദ്ധിയോടെ നോക്കേണ്ട സ്ഥലമല്ലേ?"
"ആനയ്ക്കും പൂച്ചയ്ക്കും സകല ജീവികൾക്കും ഒന്നും രണ്ടും ആകാം. അത് പ്രശ്നമില്ല, മനുഷ്യന്റെ ആർത്തവം മാത്രം അശുദ്ധി! അല്ലേ?"
നമ്പൂതിരി ദേഷ്യത്തോടെ പറഞ്ഞു: "കുട്ടിയോട് തർക്കിക്കാനില്ല, ദൈവകോപം കിട്ടാതെ നോക്കിക്കോളൂ!" എന്ന് പറഞ്ഞ് അയാൾ അകത്തേക്ക് കയറിപ്പോയി.
"ദേവിക്ക് ഇതെല്ലാം അറിയാം, എന്നിട്ടും നടയിൽ ഞങ്ങളെ ഒഴിവാക്കുന്നത് കഷ്ടം തന്നെയാണ്," ദേവിക വിളിച്ചു പറഞ്ഞു.
അമ്മയിൽ നിന്ന് ഒരടിയാണ് അവൾ പ്രതീക്ഷിച്ചത്. എന്നാൽ അമ്മ ശാന്തയായി പറഞ്ഞു: "നീ വാ, നമുക്ക് വീട്ടിൽ പോകാം."
"അപ്പോ അമ്മ തൊഴുന്നില്ലേ?"
"നമ്മളെ മനസ്സിലാക്കാത്ത ദൈവത്തോട് ഇനി എന്ത് പറയാനാ..." അമ്മ മെല്ലെ നടന്നു. ആ വാക്കുകൾ ദേവികയുടെ ഉള്ളിൽ ഒരു വലിയ വെളിച്ചമായി പടർന്നു.
പിറ്റേന്ന് രാവിലെ പുതിയൊരു തീരുമാനത്തോടെയാണ് ദേവിക ടൗണിലേക്ക് ഇറങ്ങിയത്. നേരെ മെഡിക്കൽ ഷോപ്പിലെത്തി: "ചേട്ടാ, ഒരു സാനിറ്ററി നാപ്കിൻ."
അയാൾ പതിവുപോലെ പത്രത്തിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലിട്ട് നീട്ടി.
"പൊതിയുകയൊന്നും വേണ്ട," അവൾ ഉറപ്പിച്ചു പറഞ്ഞു.
കടക്കാരൻ അത്ഭുതത്തോടെ പറഞ്ഞു: "ബാഗ് ഒന്നുമില്ലല്ലോ, ഇതെങ്ങനെ കൊണ്ടുപോകും?"
"ചേട്ടാ, വീട്ടിൽ ഭാര്യക്കും മകൾക്കും ഇങ്ങനെയൊന്നും ഉണ്ടാവാറില്ലേ? ലോകത്തിലെ എല്ലാ സ്ത്രീകൾക്കുമുള്ള ഒന്നാണിത്. ഇത് മറച്ചുവെച്ചാൽ ഇല്ലാതാകുന്ന ഒന്നുമല്ല. പിന്നെ ആർക്കുവേണ്ടിയാണ് ഇതിത്ര രഹസ്യമാക്കി വെക്കുന്നത്?"
അയാൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഒരു പുച്ഛച്ചിരി പാസാക്കി ആ കവർ അഴിച്ചു മാറ്റി തന്നു.
അതുമായി അവൾ നേരെ കയറിയത് തൊട്ടടുത്തുള്ള ഹോട്ടലിലേക്കാണ്. കസേര വലിച്ചിട്ടിരുന്ന് പാഡ് മേശപ്പുറത്ത് വെച്ചു. ചുറ്റുമുള്ളവരുടെ കണ്ണുകൾ ആ പാഡിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി പതിക്കുന്നത് അവൾ അറിഞ്ഞു.
അതിനിടയിൽ, അടുത്ത മേശയിലിരുന്ന ഒരു മധ്യവയസ്ക തങ്ങളുടെ സാധനങ്ങൾ ഇട്ടിരുന്ന പ്ലാസ്റ്റിക് കവർ ദേവികയ്ക്ക് നേരെ നീട്ടി: "അത് ഇതിലേക്ക് ഇട്ടോളൂ..."
"കുഴപ്പമില്ല ചേച്ചി, താങ്ക്സ്," അവൾ പുഞ്ചിരിയോടെ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഓർഡർ എടുക്കാൻ സപ്ലയർ വന്നു. അവൻ ബാക്കി ജോലി മാറ്റിവെച്ച് മേശപ്പുറത്തെ പാഡിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്.
"കഴിക്കാൻ എന്താ വേണ്ടത്?" അവൻ ചോദിച്ചു.
"ഇവിടെ എന്തൊക്കെയാ ഉള്ളത്?" അവൾ തിരിച്ചു ചോദിച്ചു.
"കഴിക്കാൻ... ബ്രെഡ് വേണോ മാഡം?" ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു.
അവന്റെ ഉദ്ദേശം മനസ്സിലായെങ്കിലും അവൾ വിട്ടുകൊടുത്തില്ല. "ശരി, ബ്രെഡ് എടുത്തോ!"
അവൻ ഒന്നു പതറി: "സോറി... ബ്രെഡ് ഇല്ല, ദോശയും അപ്പവും ഉണ്ട്."
"തന്താനെന്താ കളിയാക്കുകയാണോ? എനിക്ക് ബ്രെഡ് തന്നെ വേണം. ഇല്ലെങ്കിൽ ഞാൻ നിനക്കെതിരെ പരാതി കൊടുക്കും. എന്നെ അപമാനിക്കാൻ വേണ്ടിയല്ലേ താൻ ബ്രെഡ് ഉണ്ടോ എന്ന് ചോദിച്ചത്?" അവൾ ശബ്ദമുയർത്തി പാഡിലേക്ക് വിരൽ ചൂണ്ടി. "പെൺകുട്ടികളുടെ ഒരു പരാതി മതി നിന്റെ ഈ അസുഖം മാറാൻ!"
കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ സപ്ലയർ വിറച്ചുപോയി: "സോറി മാഡം... ഞാൻ പുറത്തുപോയി വാങ്ങിത്തരാം," അവൻ തലതാഴ്ത്തി പറഞ്ഞു.
മേശപ്പുറത്തിരുന്ന നാപ്കിനിലേക്ക് നോക്കി അവൾ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. കാലങ്ങളായി സമൂഹം കറുത്ത കവറുകളിൽ പൊതിഞ്ഞുവെച്ച ആ ഭയത്തെ, ഇന്ന് അവൾ വെളിച്ചത്തിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്!
