മഴ നനഞ്ഞ ഓർമ്മകൾ
അവളുടെ അവസാനത്തെ വോയ്‌സ് നോട്ട് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കാര്യങ്ങൾ അത്ര പന്തിയല്ല എന്ന്.
സാധാരണ ഗതിയിൽ ഓഫീസിലെ തിരക്കിനിടയിൽ ഞാൻ ഫോൺ എടുക്കാറില്ല. പക്ഷെ ഇത് അവളായതുകൊണ്ട് ഞാൻ തന്നെ തിരിച്ചുവിളിച്ചു.
"എന്താടീ... എന്താ പ്രശ്നം?" എന്റെ പതിവ് ശൈലിയിൽ ഞാൻ ചോദിച്ചു.
മറുപടിയില്ല.
ഞാൻ ഫോണിലെ സ്ക്രീനിലേക്ക് നോക്കി. കോൾ കട്ടായിട്ടില്ല. സെക്കൻഡുകൾ ഓടിക്കൊണ്ടിരിക്കുന്നു.
"ഹലോ... നീ അവിടെയുണ്ടോ? ഹലോ..."
കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അപ്പുറത്തുനിന്നും അവളുടെ ശബ്ദം കേട്ടു. വല്ലാത്തൊരു തണുപ്പുണ്ടായിരുന്നു ആ ശബ്ദത്തിന്.
"നീ എവിടെയാ?"
"ഞാൻ ഓഫീസിലാണ്. നിനക്കെന്താ വേണ്ടത്? കാര്യം പറ."
"എനിക്ക് നിന്നെ ഒന്ന് കാണണം. ഞാൻ ഇപ്പൊ അങ്ങോട്ട് വരികയാ."
"ഏയ്, ഇപ്പൊ നടക്കില്ല. എനിക്ക് വലിയൊരു മീറ്റിംഗ് ഉണ്ട്. അത് കഴിഞ്ഞാലും വേറെ കുറെ ഫയലുകൾ നോക്കാനുണ്ട്." ഞാൻ ഒഴിയാൻ ശ്രമിച്ചു.
"നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദൂരം വരുന്നത്. എനിക്ക് ഈ നഗരത്തിൽ നിന്നെ മാത്രമേ അറിയൂ. നിന്നെ കാണാതെ ഞാൻ തിരിച്ചുപോകില്ല." അവളുടെ ശബ്ദത്തിൽ വല്ലാത്തൊരു നിർബന്ധമുണ്ടായിരുന്നു.
ഞാനും കുറച്ചു ഗൗരവത്തിൽ പറഞ്ഞു, "അല്ലെടീ, ഞാൻ പറഞ്ഞത് കേൾക്ക്..."
"നിനക്ക് കാണാൻ താല്പര്യമില്ലെങ്കിൽ നീ നേരിട്ട് പറഞ്ഞോ. ഞാൻ നിന്നെ നിർബന്ധിക്കാൻ വരുന്നില്ല."
"അങ്ങനെയല്ല..." ഞാൻ പറഞ്ഞുതീരും മുൻപേ കോൾ കട്ടായി.
അവളുടെ അവസാനത്തെ വാക്കുകളിൽ ഒരു വിതുമ്പൽ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകണം. എന്റെ മീറ്റിംഗും ഫയലുകളും ഒക്കെ മാറ്റിവെച്ച് ഞാൻ വേഗത്തിൽ വണ്ടി കൊടുത്ത് മെട്രോ സ്റ്റേഷനിലേക്ക് പോയി.
സ്റ്റേഷനിൽ വലിയ തിരക്കില്ലായിരുന്നു. അവിടെയെല്ലാം നോക്കി. ഒടുവിൽ, സ്റ്റെപ്പുകൾക്ക് താഴെയുള്ള ഒരു തൂണിന് മറവിലായി അവൾ നിൽപ്പുണ്ട്. ഞാൻ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ ആ നീല കുർത്തയാണ് അവൾ ഇട്ടിരിക്കുന്നത്. എന്തോ വലിയ ചിന്തയിലാണവൾ. ചുറ്റും പോകുന്ന ആളുകളെയോ ട്രെയിനിന്റെ ശബ്ദത്തെയോ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ഞാൻ അവളുടെ മുന്നിൽ ചെന്ന് നിന്നിട്ടും അവൾ കണ്ടില്ല. ഞാൻ മെല്ലെ അവളെ തട്ടിവിളിച്ചു. ഞെട്ടിത്തിരിഞ്ഞ അവളുടെ മുഖത്ത് ഞാൻ ഇതുവരെ കാണാത്ത ഒരു ക്ഷീണമുണ്ടായിരുന്നു. ഒരു വിളറിയ ചിരി അവൾ എനിക്ക് സമ്മാനിച്ചു. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.
സമയം വൈകുന്നേരം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ മെല്ലെ സ്റ്റേഷന് പുറത്തേക്കിറങ്ങി.
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ മെല്ലെ പിന്നിൽ കയറി, ഒരു വശത്തേക്ക് കാലിട്ട് ഇരുന്നു. ഞാൻ മുൻപ് പലപ്പോഴും അവളോട് പറഞ്ഞിട്ടുണ്ട്, "പെൺകുട്ടികൾ ഇങ്ങനെ ഇരുചക്രവാഹനത്തിൽ ഒരു വശത്തേക്ക് മാത്രം കാലിട്ട് ഇരിക്കുന്നതാണ് കാണാൻ ഭംഗി" എന്ന്. അവൾ ആ വാക്കുകൾ ഓർത്തു വെച്ചിരുന്നോ?
വഴിയിലുള്ള ഒരു ചെറിയ കഫേയിൽ ഞങ്ങൾ കയറി. കോഫി കുടിക്കുമ്പോഴും അവൾ ഒന്നും സംസാരിച്ചില്ല. എനിക്കും എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ, നമ്മുടെ ഈ നല്ല സൗഹൃദത്തെ ഒരു പ്രണയമാക്കി മാറ്റിക്കൂടെ എന്ന് ഞാൻ അവളോട് ചോദിച്ചിരുന്നു. വീട്ടിൽ നിന്ന് കല്യാണ ആലോചനകൾ വന്നുതുടങ്ങിയപ്പോഴായിരുന്നു ഞാൻ ആ ചോദ്യം ചോദിച്ചത്. പക്ഷെ അന്നൊക്കെ അവൾ ഒഴിഞ്ഞുമാറി. "എനിക്ക് നിന്നെ അങ്ങനെ ഒരു രീതിയിൽ കാണാൻ കഴിയില്ല" എന്നായിരുന്നു അവളുടെ മറുപടി.
അങ്ങനെയാണ് ഞാൻ വീട്ടുകാർ കണ്ടുപിടിച്ച ഒരു പെൺകുട്ടിയെ കാണാൻ പോയതും, എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വീട്ടിൽ അറിയിച്ചതും. ആ വാർത്ത അവളോട് പറഞ്ഞത് മുതലാണ് അവളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. "ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?" എന്ന അവളുടെ സംശയങ്ങൾ, കഴിഞ്ഞ ദിവസം എന്റെ നിശ്ചയം ഉറപ്പിച്ചു എന്ന് പറഞ്ഞതോടെ പൂർണ്ണമായും മാറി.
"നമുക്ക് മറൈൻ ഡ്രൈവിലേക്ക് പോയാലോ?" അവളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി.
ഞാൻ മെല്ലെ തലയാട്ടി.
ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും സൂര്യൻ അസ്തമിക്കാറായിരുന്നു. കായലിൽ നിന്നുള്ള കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. ഞങ്ങൾ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. അവൾ കുറച്ചുനേരം കായലിലെ ഓളങ്ങളിലേക്ക് നോക്കി ഇരുന്നു. പിന്നെ പതുക്കെ അവൾ എന്നിലേക്ക് നീങ്ങി ഇരുന്നു.
വലിയൊരു മൗനം ഞങ്ങൾക്കിടയിൽ മതിലുപോലെ നിന്നു. ഫോണിൽ സംസാരിക്കുന്നത് പോലെയല്ല, നേരിട്ട് കാണുമ്പോൾ ഉള്ളിൽ പറയാനുള്ളതൊന്നും പുറത്തേക്ക് വരില്ല എന്ന് ആ നിമിഷങ്ങൾ എന്നെ പഠിപ്പിച്ചു.
സൂര്യൻ പൂർണ്ണമായും മറഞ്ഞു. ചുറ്റും ഇരുട്ട് പടർന്നുതുടങ്ങി. ആളുകൾ കുറഞ്ഞുവരികയാണ്. ഒരു പെൺകുട്ടിയും വെച്ച് ഈ ഇരുട്ടിൽ ഇരിക്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ തന്നെ ആ നിശബ്ദതയെ മുറിച്ചു.
"നമുക്ക് പോയാലോ? ഇനി ഇവിടെ ഇരിക്കുന്നത് അത്ര സേഫ് അല്ല."
അവൾ പതുക്കെ എന്റെ തോളിലേക്ക് തല ചായ്ച്ചു.
ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു, "നീ എന്താ എന്നോട് ഒന്നും മിണ്ടാത്തത്?"
ഞാൻ ഒന്നും പറഞ്ഞില്ല.
"നിനക്ക് എന്നോട് ദേഷ്യമാണോ? ഞാനെന്തിനാ വന്നതെന്ന് നിനക്കറിയാമല്ലോ. അതിന് ഒരു മറുപടിയെങ്കിലും തന്നൂടെ? നീ ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരുന്നുണ്ട്. ഞാൻ നിനക്ക് ആരുമല്ലെന്ന് തോന്നിപ്പോകുന്നു..."
"ഏയ്, അങ്ങനെയല്ല..." ഞാൻ എന്തോ പറയാൻ തുടങ്ങിയതും അവൾ തടഞ്ഞു.
"നീ എപ്പോഴെങ്കിലും എന്നോട് നേരിട്ട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ? ഞാൻ നിന്റെ വായിൽ നിന്ന് അത് കേൾക്കാൻ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് നിനക്കറിയാമോ?"
ഞാൻ ഓർത്തുനോക്കി. 'നമ്മുടെ സൗഹൃദം നമുക്കൊന്ന് മാറ്റിയെടുത്താലോ?' 'ഞാൻ നിന്റെ വീട്ടിൽ പെണ്ണുചോദിച്ചു വന്നാലോ?' എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷെ 'എനിക്ക് നിന്നെ ഇഷ്ടമാണ്' എന്ന് ഞാൻ ഒരിക്കൽ പോലും അവളോട് പറഞ്ഞിട്ടില്ല!
എന്റെ വായിൽ നിന്നും മറുപടി ഒന്നും വരാത്തതുകൊണ്ട് അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. ഞാനും. അവളുടെ ആ വലിയ കണ്ണുകൾ എന്നോട് ഒരുപാട് കഥകൾ പറയുന്നുണ്ടായിരുന്നു.
"ഒരു പെണ്ണിന്റെ ഏറ്റവും വലിയ സമാധാനം എന്താണെന്ന് നിനക്കറിയാമോ?" അവൾ ചോദിച്ചു.
ഞാൻ മറുപടി പറയാതെ അവളെ തന്നെ നോക്കിനിന്നു.
അവൾ എന്റെ കൈ എടുത്ത് അവളുടെ തോളിലേക്ക് ചേർത്ത് വെച്ചു.
"അവളെ സ്നേഹിക്കാനും വിശ്വസിക്കാനും ഒരു പുരുഷൻ കൂടെ ഉണ്ടെന്നതാണ്... ഇപ്പോൾ ഞാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്താണ്... നിന്റെ ഈ കൈകൾക്കുള്ളിൽ..."
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കായലിൽ നിന്നുള്ള കാറ്റ് വീണ്ടും വീശിയടിച്ചു. ആ തണുപ്പിലും ഞങ്ങൾക്കിടയിൽ ഒരു പുതിയ പ്രണയത്തിന്റെ ചൂട് നിറയുന്നുണ്ടായിരുന്നു.
--- ശുഭം ---
🔎
