അമ്മു റൊമാന്റിക് ലവ് Short Stories

Dedicated 2 all FB Lovers...

 



ഇത് ഒരു ഹൃദയം തൊടുന്ന പ്രണയകഥയല്ല...

ഞാൻ ഇന്ന് ഈ നിമിഷം വരെ ജീവിച്ചു തീർത്ത എന്റെ ജീവിതമാണ്...

​ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. ആദ്യം ഒക്കെ ഞാനും നിങ്ങളിൽ ചിലരെപ്പോലെ എപ്പോഴെങ്കിലും വന്ന് നോട്ടിഫിക്കേഷനും സന്ദേശങ്ങളും ഫ്രണ്ട് റിക്വസ്റ്റുകളും നോക്കി ഇറങ്ങുന്ന ഒരു ഉപയോക്താവ് മാത്രമായിരുന്നു.

​ഒരു ഞായറാഴ്ച രാത്രി 8:45-ന് ഞാൻ അങ്ങനെ ഫേസ്ബുക്കിൽ കയറി. അന്നാണ് ഫ്രണ്ട് ലിസ്റ്റിൽ ആ റിക്വസ്റ്റ് കണ്ടത്.

പേര്: അമ്മു...

​ഞാൻ അത് അക്സെപ്റ്റ് ചെയ്ത് ഒരു "Hai" കൊടുത്തു. സൗഹൃദം എന്ന മായാലോകത്ത് മറുപടി തരാതെ ഫ്രണ്ട് ലിസ്റ്റിൽ കിടക്കുന്ന ഒരു ഗേൾ ഫ്രണ്ട് കൂടി, അത്രയേ ഞാൻ കരുതിയുള്ളൂ. പക്ഷെ എനിക്ക് തെറ്റി. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് മറുപടി വന്നു: "Hai Abhi..."

​എല്ലാ ആൺകുട്ടികളെയും പോലെ എന്റെ ഉള്ളിന്റെ ഉള്ളിലും ഒരു ചോദ്യമുണ്ടായിരുന്നു, ഇതും ഒരു ഫേക്ക് അക്കൗണ്ട് ആണോ എന്ന്. പക്ഷെ അത് ഫേക്ക് അല്ലെന്ന കാര്യം അവളോട് ചാറ്റ് ചെയ്ത ആ ഒരു മണിക്കൂറിനുള്ളിൽ എനിക്ക് മനസ്സിലായി. അങ്ങനെ മെസ്സേജ് ചെയ്ത് ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം പോലും അവളോട് ചാറ്റ് ചെയ്യാതെ, വിശേഷങ്ങൾ പങ്കുവെക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയിലായി. അങ്ങനെ ഞാനും ഫേസ്ബുക്ക് എന്ന ലോകത്തിന് അടിമയായി.

​ഒരിക്കൽ അവൾ എനിക്ക് മെസ്സേജ് അയച്ചപ്പോൾ നെറ്റ്‌വർക്ക് പ്രശ്നം കാരണം സന്ദേശം പോയില്ല. അന്ന് ഞങ്ങൾ ഫോട്ടോയിലൂടെ കമന്റ് ഇട്ട് വിശേഷങ്ങൾ പങ്കുവെച്ചു. എന്നാൽ എല്ലാ കമന്റുകളിലും ഉണ്ടാകാറുള്ളതുപോലെ തന്നെ ഏതോ ഒരു കാട്ടുറുമ്പ് ഞങ്ങളുടെ കമന്റുകളിലും കടന്നുവന്നു.പ്പോഴാണ് ഞാൻ നമ്പർ കൊടുത്ത് അവളോട് എന്റെ നമ്പറിലേക്ക് മെസ്സേജ് അയക്കാൻ പറഞ്ഞത്. പറഞ്ഞതുപോലെ അവൾ എനിക്ക് മെസ്സേജ് അയച്ചു: "Hai Jithu, I am Ammu..."

​എന്നെ 'ജിത്തു' എന്ന് ആദ്യമായും അവസാനമായും വിളിച്ച ഒരാൾ, അത് എന്റെ അമ്മൂസ് മാത്രമായിരുന്നു. നമ്പർ കിട്ടിയതോടെ ഞങ്ങൾ കോൾ ചെയ്യാൻ തുടങ്ങി. എപ്പോഴോ ആ സൗഹൃദം എന്നിൽ പ്രണയമായി മാറാൻ തുടങ്ങി. ഞാൻ അത് അവളോട് പറഞ്ഞു. പക്ഷെ അവൾക്ക് പ്രണയം ഇഷ്ടമല്ലായിരുന്നു. എല്ലാ പെൺകുട്ടികളും പറയാറുള്ളതുപോലെ സ്വന്തം മാതാപിതാക്കളെ വേദനിപ്പിക്കാൻ അവൾക്കും കഴിയില്ലായിരുന്നു.

​പക്ഷെ എന്നിലെ പ്രണയം അവളോട് സംസാരിക്കുന്ന ഓരോ നിമിഷവും കൂടി കൂടി വന്നു. ഞാൻ അവളോട് തുറന്നു പറഞ്ഞു: "അമ്മൂ, നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ. നിന്റെ കരുതൽ എനിക്ക് വേണം. I love you so much." അന്ന് ഞാൻ 5 മണിക്കൂർ അവളോട് സംസാരിച്ചു. ഏതോ ഒരു നിമിഷം അവൾ എന്നോട് "Love you too" പറഞ്ഞു. എന്റെ ശല്യം സഹിക്കാൻ കഴിയാതെയാകാം അന്ന് അവൾ അങ്ങനെ പറഞ്ഞത്. പക്ഷെ അങ്ങനെ പറഞ്ഞതുകൊണ്ടുതന്നെ പിന്നീട് വിളിച്ചപ്പോൾ ഞങ്ങൾ കൂടുതൽ അടുത്തു. അവൾക്ക് എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. എന്നിലെ പ്രണയവും പൂവണിയാൻ തുടങ്ങി.

​രാത്രി മുതൽ രാവിലെയോളം ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഒരിക്കലും മറക്കാൻ കഴിയാത്ത പ്രണയ നിമിഷങ്ങളായിരുന്നു അത്. കൊച്ചിയും തലശ്ശേരിയും തമ്മിലുള്ള ദൂരമൊന്നും ഞങ്ങൾക്ക് പ്രശ്നമായിരുന്നില്ല. മരണം വരെ അവൾ എന്റേതും ഞാൻ അവളുടേതും ആണെന്ന് തീരുമാനിച്ച ഞങ്ങൾ സ്വപ്നം കാണാൻ തുടങ്ങി. ഫോട്ടോകൾ പരസ്പരം അയച്ചു. ആ പ്രണയം കൂടുതൽ ആത്മാർത്ഥമായി. ഞാൻ സ്നേഹിച്ചത് അവളുടെ സ്വഭാവം മാത്രമായിരുന്നു. പക്ഷെ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം തരിത്തുനിന്നു; അത്രയ്ക്ക് മൊഞ്ചായിരുന്നു എന്റെ അമ്മുവിന്. ആ കണ്ണുകളിലെ പ്രണയം എന്നിലെ പ്രണയത്തിന്റെ തീവ്രത കൂട്ടി. പിന്നീട് ഞാൻ കണ്ട സ്വപ്നങ്ങളിലെയെല്ലാം അവൾ മാത്രമായി.

​ഡിഗ്രി പൂർത്തിയാക്കി സെറ്റിൽഡ് ആകാൻ കുറെ സമയം എടുക്കുമെന്ന് മനസ്സിലാക്കിയ ഞാൻ, ഡിഗ്രി രണ്ടാം വർഷം ഓപ്പൺ ആക്കി മറൈൻ മെക്കാനിക്കൽ കോഴ്സിന് ചേർന്നു. 2 വർഷം കൊണ്ട് ജോലി കിട്ടും; അങ്ങനെ ജീവിതം പ്ലാൻ ചെയ്തു. എന്നേക്കാൾ 2 വയസ്സ് കൂടുതലായിരുന്നു അമ്മുവിന്. പ്രായം ഞങ്ങളുടെ പ്രണയത്തിന് ഒരു തടസ്സമായിരുന്നില്ല. അങ്ങനെ ഒന്നര വർഷം ഞങ്ങൾ പ്രണയിച്ചു.

​അച്ഛനും അമ്മയ്ക്കും ഒരു മകളായിരുന്നു അമ്മു. അവളുടേത് ഒരു സമ്പന്ന കുടുംബമാണ്. എന്റേത് ഒരു മിഡിൽ ക്ലാസ് കുടുംബമാണെന്ന് അവൾക്കറിയാമായിരുന്നു. പക്ഷെ എന്നിട്ടും അവൾ ആത്മാർത്ഥമായി എന്നെ പ്രണയിച്ചു. അപ്പോഴാണ് ഒരിക്കൽ അവൾ എന്നെ വിളിച്ചു പറഞ്ഞത്: "ജിത്തു, ഇന്ന് ഒരു ബന്ധു വിളിച്ചിരുന്നു. അവരുടെ മകൻ ഹരികുമാറുമായി എന്റെ വിവാഹം ഉറപ്പിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ട്." അന്ന് ഞാൻ ഒന്നു പതറിയെങ്കിലും അവളെ ആശ്വസിപ്പിച്ചു. പിന്നെയും ഞങ്ങൾ പ്രണയിച്ചു.

​കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാത്രി അവൾ എന്നെ വിളിച്ചു. ഒന്നും മിണ്ടിയില്ല, പക്ഷെ അവൾ കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ കുറെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ഹരികുമാറുമായുള്ള അവളുടെ വിവാഹം ഉറപ്പിക്കാൻ പോകുകയാണെന്ന്. അന്ന് ഞാനും കരഞ്ഞു ഒരുപാട്. അവളെ മുന്നിൽ നിർത്തി ഞാൻ നെയ്തുകൂട്ടിയ എന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണതുപോലെ. മനസ്സിൽ അടക്കിപ്പിടിച്ച വേദനകളെല്ലാം കണ്ണീരായി തീർന്നു. അന്ന് ഞങ്ങൾ സംസാരിച്ചത് കണ്ണുനീർ കൊണ്ടായിരുന്നു.

​ഞാൻ വിളിച്ചാൽ ആ നിമിഷം ഇറങ്ങി വരാൻ എന്റെ അമ്മു തയ്യാറായിരുന്നു. പക്ഷെ എന്റെ പ്രായം 19 ആയിരുന്നു. ഒരു ആൺകുട്ടിക്ക് 21 വയസ്സാകാതെ ഞാൻ എങ്ങനെ അവളെ വിളിക്കും? അന്ന് കരഞ്ഞു തീർത്ത കണ്ണുനീർത്തുള്ളികൾ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ രാവിലെ എഴുന്നേറ്റത്. അരികിൽ ഫോണും ഉണ്ടായിരുന്നു. 'ജിത്തു' എന്ന് എന്റെ അമ്മു വിളിച്ചു കരഞ്ഞത് ഞാൻ ഓർത്തു. ഫോൺ എടുത്ത് നോക്കിയപ്പോഴാണ് മനസ്സിലായത്, രാത്രിയിൽ എപ്പോഴോ കോൾ എൻഡ് ആയി എന്ന്. ഞാൻ എഴുന്നേറ്റ് ആദ്യം വിളിച്ചത് അവളെയായിരുന്നു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആണ്. അന്ന് അവൾ ഫേസ്ബുക്കിലും ഉണ്ടായിരുന്നില്ല.

​അതിനുശേഷം ഒരു മാസം അവളുടെ വിവരമൊന്നും ഇല്ലായിരുന്നു. എന്റെ വേദനകൾ ഞാൻ എന്റെ കൂട്ടുകാരോട് മുഴുവൻ പങ്കുവെച്ചു. എല്ലാവരും പറഞ്ഞത് ഒരേ ഉത്തരമായിരുന്നു: "അവൾ ഫേക്ക് ആണ്." എന്നിലെ മനുഷ്യൻ ഞാൻ അല്ലാതായ ഏതോ ഒരു നിമിഷത്തിൽ എനിക്കും അങ്ങനെ വിശ്വസിക്കേണ്ടി വന്നു. വേദനകളോടെ എല്ലാം മറന്ന് ഞാൻ പുതിയ ജീവിതത്തിലേക്ക് വരാൻ തയ്യാറായപ്പോഴാണ് ഒരിക്കൽ അവളുടെ ബെസ്റ്റ് ഫ്രണ്ട് പാർവ്വതി എന്നെ വിളിച്ചത്.

​"അമ്മു പറഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്. അവളെ നീ മറക്കണം, അവൾക്ക് ഇനി ഒരു ജീവിതം ഉണ്ടാകില്ല."

​എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷെ അമ്മുവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. വേദനയോടെ ഞാൻ അവളോട് ചോദിച്ചു, എന്റെ അമ്മുവിന് എന്താണ് പറ്റിയത്? കുറച്ചു സമയം മൗനമായെങ്കിലും എന്റെ വികാരങ്ങൾക്ക് മുന്നിൽ അത് പറയാതിരിക്കാൻ പാർവുവിന് കഴിഞ്ഞില്ല. അന്ന് ഞാൻ വിളിച്ചതിന്റെ പിറ്റേന്ന് രാവിലെ അമ്മു ടെറസ്സിൽ നിന്ന് വീണു. കുട്ടികളോടൊപ്പം മുകളിൽ കയറിയപ്പോൾ കാൽ തെന്നി വീണതാണ് എന്നാണ് എല്ലാവരോടും പറഞ്ഞത്. അതൊരു ആത്മഹത്യാ ശ്രമമായിരുന്നു എന്ന സത്യം എനിക്കും അവൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ.

​എന്തായാലും അമ്മുവിന് ഇനി ഒരു ജീവിതം ഉണ്ടാകില്ല. വീഴ്ചയുടെ ആഘാതത്തിൽ ഒരു കമ്പ് കയറി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ശരീരം ത തളർന്നു കിടക്കുകയാണ്. ഞാൻ പാർവുവിനോട് പറഞ്ഞു എനിക്ക് അവളെ ഒന്നു കാണണമെന്ന്. പക്ഷെ ആ അവസ്ഥയിൽ അവളെ കാണണ്ട എന്നാണ് അമ്മു അവളോട് പറഞ്ഞത്.

​മാസങ്ങൾ കുറെ കഴിഞ്ഞു. ഞാൻ കാരണം ജീവിതം ഇല്ലാതായ ആ പെണ്ണിന്റെ ഓർമ്മകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. ആർക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത് എന്ന ചിന്തയായിരുന്നു മനസ്സിൽ. എന്തായാലും ഞാൻ ക്ലാസിനൊന്നും കൃത്യമായി പോകാതായി.

​2 മാസം മുൻപ് എനിക്ക് ഫേസ്ബുക്കിൽ ഒരു മെസ്സേജ് വന്നു: "Jithu..."

എന്റെ അമ്മുമായിരുന്നു അത്. എനിക്ക് വേണ്ടി മാത്രം വേദനയുള്ള ആ വിരലുകൾ കൊണ്ട് അവൾ എഴുതിയ പുനർജന്മത്തിലെ ആദ്യ വാക്കുകൾ. അത് എന്റെ ഹൃദയത്തെ തൊട്ടു. ഇപ്പോഴും അമ്മു വീൽചെയറിലാണ്. അമ്മയുടെ സഹായം എല്ലാത്തിനും വേണം. എന്നോട് അവൾ പഴയപോലെ ചാറ്റ് ചെയ്യാൻ തുടങ്ങി. അമ്മ അടുത്ത് ഉള്ളതുകൊണ്ടുതന്നെ കോൾ ചെയ്യാൻ ശ്രമിച്ചില്ല.

​എന്നിലെ പ്രണയം ഇനിയും മരിച്ചിട്ടില്ല എന്ന് അറിയിക്കാൻ ഞാൻ അവളോട് വീണ്ടും പറഞ്ഞു: "I love you അമ്മൂസ്... എന്തൊക്കെ സംഭവിച്ചാലും എനിക്ക് നിന്നെ വേണം. എന്റെ മരണം വരെ പൊന്നുപോലെ ഞാൻ നോക്കാം. എനിക്ക് ആ സ്നേഹം മാത്രം മതി, വേറൊന്നും ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നില്ല."

​പക്ഷെ അവളുടെ മറുപടി ഇതായിരുന്നു: "ജിത്തു, നീ പറയുന്നത് നിന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെയാണ്. എന്നെ നിനക്ക് ഇനി വേണ്ട. എനിക്ക് ഒരു നല്ല ഭാര്യയാകാനോ അമ്മയാകാനോ കഴിയില്ല. നിന്റെ ഒരു ആഗ്രഹങ്ങളും സാധിച്ചു തരാൻ എനിക്ക് കഴിയില്ല. നിനക്കിഷ്ടമുള്ള പഴയ കണ്ണുകൾ ഇന്ന് എനിക്കില്ല. എന്നിലെ സൗന്ദര്യം ഇല്ലാതായിരിക്കുന്നു. നാളെ ഞാൻ നിനക്കൊരു ഭാരമായിരിക്കും. So നമുക്ക് ഫ്രണ്ട്സ് ആകാം. നീ നിന്റെ കല്യാണം കഴിഞ്ഞ് ആ ഫോട്ടോ എനിക്ക് അയച്ചു തരണം, അപ്പോഴേ എനിക്ക് സന്തോഷമാകൂ..."

​അവളുടെ വാക്കുകളിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, അവൾക്ക് ഇൻഫീരിയോറിറ്റി കോംപ്ലക്സ് ആണ്. തളർന്നു കിടക്കുന്ന അവളും ഞാനും തമ്മിലുള്ള വ്യത്യാസമാണ് അവളുടെ കോംപ്ലക്സ്. എനിക്ക് വേണ്ടിയാണ് അവൾ ഇന്ന് ഈ അവസ്ഥയിലായത് എന്ന് അവൾ ഒരിക്കൽ പോലും ആലോചിക്കുന്നില്ല. കൂടുതൽ അടുക്കുമോ എന്ന ഭയം കൊണ്ടാണോ എന്നറിയില്ല അവൾ ഇപ്പോൾ എന്നെ അവോയ്ഡ് ചെയ്യുകയാണ്. ബെർത്ത് ഡേ, ക്രിസ്മസ്, ഓണം, വാലന്റൈൻസ് ഡേ തുടങ്ങിയ നല്ല ദിവസങ്ങളിൽ ആശംസകൾ അയക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാറുള്ളത്.

​കൂട്ടുകാരോടൊക്കെ അവളുടെ കല്യാണം കഴിഞ്ഞു എന്ന കള്ളമാണ് ഞാൻ പറഞ്ഞത്. അവളുടെ ഇന്നത്തെ അവസ്ഥ ആരോടും പറയാൻ എനിക്ക് കഴിയുമായിരുന്നില്ല. നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ എന്തിനാണ് ഇത് നിങ്ങളോട് പറയുന്നതെന്ന്. ഒരുപക്ഷെ നാളെ എന്റെ അമ്മു ഈ പേജ് ലൈക്ക് ചെയ്യാം. പിന്നെ കൂട്ടുകാരോട് അവളുടെ കല്യാണം കഴിഞ്ഞു എന്ന് ഞാൻ പറഞ്ഞ കള്ളം... ഞാൻ അമ്മുവിനോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കാനുള്ള വേദി. അതിനുവേണ്ടി മാത്രമാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.

​മരിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, എനിക്ക് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ ആ പെണ്ണിനു വേണ്ടി ജീവിക്കണം എന്ന തോന്നൽ... അതുമാത്രമാണ് ഇന്ന് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാൻ ഇന്ന് തനിച്ചാണ്. എന്റെ സ്വപ്നങ്ങൾ തകർന്നതോടെ എന്റെ ജീവിതവും ഞാൻ വേണ്ടെന്ന് വെച്ചു. ഇപ്പോൾ ക്ലാസിനൊന്നും പോകാറില്ല, എല്ലാം ഒഴിവാക്കി. ഫേസ്ബുക്കും ഈ പേജും മാത്രമാണ് എന്റെ ഇന്നത്തെ ആശ്വാസം. നിങ്ങൾ ഫ്രണ്ട്സ് മാത്രമാണ് എന്റെ ഇന്നത്തെ സമ്പാദ്യം.

​അമ്മുവിന്റെ ഫോട്ടോ എനിക്ക് ഇതിന്റെ കൂടെ അപ്‌ലോഡ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ അവളുടെ സമ്മതമില്ലാതെ ഞാൻ ഇടുന്ന ഈ പോസ്റ്റിൽ ആ ഫോട്ടോ കൂടി ഇട്ടാൽ ഒരുപക്ഷെ എനിക്ക് എന്നെന്നേക്കുമായി അവളെ നഷ്ടമായേക്കാം.

​I love you Ammus... Still my last breath... :'( :'( :'



Post a Comment

Thanks from your support

Previous Next

نموذج الاتصال