TRUE LOVER Malayalam Short Stories



ശബ്‌ദങ്ങളുടെ ലോകം

(മഴ പെയ്യുന്ന ഒരു വൈകുന്നേരം. അലൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചായ കുടിക്കുന്നു. ഫോൺ വൈബ്രേറ്റ് ചെയ്യുന്നു. സ്ക്രീനിൽ 'റീയ' എന്ന പേര്).
അലൻ: (വീഡിയോ കോൾ അറ്റൻഡ് ചെയ്ത് ആംഗ്യഭാഷയിൽ) ഹായ്, എന്തൊക്കെയുണ്ട് വിശേഷം?
റീയ: (ആംഗ്യഭാഷയിൽ) ഹേയ്, വെറുതെ വിളിച്ചതാ. നീ എവിടെയാ?
അലൻ: ഞാൻ ഫ്ലാറ്റിലാ.
റീയ: ഇന്ന് പുറത്തൊന്നും പോയില്ലേ?
അലൻ: ഏയ്, ഇവിടെ നല്ല മഴയല്ലേ, അതുകൊണ്ട് മുറിയിൽ തന്നെയിരിക്കുന്നു.
റീയ: ഇവിടെയും നല്ല മഴയാ...
അലൻ: മ്മ്... പറ, അവിടെ എന്തെടുക്കുവാ?
റീയ: ഞാൻ ഇവിടുത്തെ വരാന്തയിലിരുന്ന് മഴ കാണുവാ. നീ അവിടെ എന്തെടുക്കുന്നു?
അലൻ: ഞാൻ ബാൽക്കണിയിൽ നിന്ന് ചായ കുടിച്ച് നിന്നോട് സംസാരിക്കുന്നു!
റീയ: ആണോ... എന്നാ ശരി, നീ ചായ കുടിക്ക്, ഞാൻ പിന്നെ വിളിക്കാം.
അലൻ: ഹേയ് നിൽക്ക് നിൽക്ക്! എന്താ പെട്ടെന്ന് വെക്കുന്നത്?
റീയ: ഒന്നൂല്യ... എനിക്ക് കുറച്ചുനേരം നിന്നോട് ആംഗ്യത്തിൽ സംസാരിച്ചിരിക്കാൻ തോന്നി.
അലൻ: മഴയാകുമ്പോൾ അങ്ങനെ ഓരോന്ന് തോന്നും! ഞാൻ പോകുവാ, വൈകിട്ട് മെസ്സേജ് അയക്കാം.
റീയ: നീ ഇന്ന് എങ്ങും പോകുന്നില്ലെന്നല്ലേ പറഞ്ഞത്? പിന്നെന്താ ഇത്ര ധൃതി?
അലൻ: ഒരു ഡിസൈനിംഗ് പ്രൊജക്റ്റ്‌ കിട്ടി, അതിന്റെ വർക്ക് തുടങ്ങി വെക്കണം. പിന്നെ സമയം കിട്ടില്ല.
റീയ: ഓഹ്, എന്നെക്കാളും വലുതാണല്ലോ നിനക്ക് ആ വർക്ക്! ശരി, നീ പൊക്കോ.
അലൻ: നീ എന്താ കുട്ടികളെപ്പോലെ? കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ?
റീയ: വേണ്ട, ഞാൻ ആർക്കും ശല്യമാവുന്നില്ല. ഇനി ഞാൻ കാരണം ആരും ഒന്നും മാറ്റിവെക്കണ്ട.
അലൻ: വെറുതെ ഓരോന്ന് ചിന്തിച്ച് ദേഷ്യപ്പെടല്ലേ! ഞാൻ പറഞ്ഞല്ലോ, വർക്ക് കഴിഞ്ഞ് വിളിക്കാന്ന്!
റീയ: എനിക്ക് കേൾക്കേണ്ട, നീ പൊക്കോ. അല്ലെങ്കിലും എന്നോട് സംസാരിക്കാൻ ആർക്കാ താല്പര്യം...
അലൻ: എടോ, വെറുതെ എന്റെ ക്ഷമ പരീക്ഷിക്കല്ലേ!
റീയ: നീ പോയേ, സ്നേഹമൊക്കെ വാക്കിലും ആംഗ്യത്തിലും മാത്രം കാണിച്ചാൽ പോരല്ലോ!
അലൻ: ഞാൻ കാണിക്കുന്ന സ്നേഹം നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ?
റീയ: അത് മനസ്സിലായി, അതുകൊണ്ടാണല്ലോ ഞാൻ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ നിനക്ക് ജോലി വലുതായത്!
അലൻ: ശരി, ഞാൻ വർക്ക് ചെയ്യുന്നില്ല. നീ പറ, എന്താ നിന്റെ വിഷയം?
റീയ: ഓ, അങ്ങനെ ബുദ്ധിമുട്ടി ആരും എന്നോട് സംസാരിക്കണ്ട!
അലൻ: ഇതെന്തൊരു കഷ്ടമാ! വന്ന വഴി മറക്കരുത് എന്ന് പറഞ്ഞ പോലെയാണല്ലോ!
റീയ: ഹലോ, പരിധി വിട്ട് സംസാരിക്കരുത്! ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കണ്ട!
അലൻ: ആഹാ, അപ്പൊ ഇതാണോ നിന്റെ സ്നേഹം? വേറെ ആരെങ്കിലും കണ്ടാൽ ചിരിക്കും!
റീയ: എനിക്ക് ഇങ്ങനെയേ അറിയൂ. ബുദ്ധിമുട്ടാണെങ്കിൽ വേറെ ആളെ നോക്കിക്കോ!
അലൻ: എനിക്കറിയാമായിരുന്നു നിന്റെ മനസ്സ്! പുതിയ ഏതെങ്കിലും സുഹൃത്തിനെ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കാൻ നോക്കുവാ അല്ലേ?
റീയ: പുതിയ ആളോ? ആഹ്, എന്നാൽ അങ്ങനെതന്നെ! നീ പോ!
അലൻ: എന്നോട് പോകാൻ പറയാൻ നീ ആരാടീ?
റീയ: നിന്റെ തന്റേടം എന്റെ അടുത്ത് കാണിക്കേണ്ട, പോടാ!
(റീയ ദേഷ്യത്തോടെ കോൾ കട്ട് ചെയ്യുന്നു. അലൻ തിരിച്ച് വിളിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൾ കോൾ റിജക്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ആക്കുന്നു. അലൻ ദേഷ്യത്തോടെ ഫോൺ മേശപ്പുറത്തേക്ക് ഇടുന്നു. അപ്പോഴാണ് ചേട്ടൻ മുറിയിലേക്ക് വരുന്നത്).
ചേട്ടൻ: അലൻ, ചായ തണുത്തു പോയോടാ? വേറെ എടുക്കണോ?
അലൻ: എനിക്ക് ചായ ഒന്നും വേണ്ട, ഒന്ന് തനിച്ചു വിടുവോ!
ചേട്ടൻ: (ആത്മഗതം) ഇവന് ഇതെന്തിന്റെ കേടാ...
(ചേട്ടൻ പുറത്തേക്ക് പോയതും അലന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വരുന്നു: "Good Bye!". അലൻ ദേഷ്യത്തോടെ തിരിച്ച് മെസ്സേജ് അയക്കുന്നു: "Bye forever!").
(സമയം കടന്നുപോകുന്നു. അലൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇടയ്ക്കിടെ ഫോൺ നോക്കുന്നു. റീയയുടെ ഒരു സന്ദേശവും വരുന്നില്ല. അവിടെ റീയ കരയാൻ തുടങ്ങിയപ്പോൾ ഇവിടെ അലന്റെ മനസ്സിലും വിഷമം നിറഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോൾ റീയയുടെ വീഡിയോ കോൾ വരുന്നു).
അലൻ: (അറ്റൻഡ് ചെയ്ത്) ഐ ആം സോറി...
റീയ: ഞാനല്ലേ സോറി പറയേണ്ടത്?
അലൻ: എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു, അതാ...
റീയ: സാരമില്ല, എന്നോടല്ലേ...
അലൻ: എന്നാലും നീ എന്റെ മനസ്സിനെ വേദനിപ്പിച്ചില്ലേ?
റീയ: നീ എന്നോട് ദേഷ്യപ്പെട്ടതുകൊണ്ടല്ലേ?
അലൻ: അത് ഞാൻ പറഞ്ഞ കാര്യം നീ മനസ്സിലാക്കാത്തതുകൊണ്ടല്ലേ?
റീയ: എനിക്ക് തോന്നിയ വിഷമം ഞാൻ കാണിച്ചതല്ലേ...
അലൻ: ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്‌തത്‌?
റീയ: ഒന്നും ചെയ്തില്ലേ?
അലൻ: എനിക്ക് അറിയാൻ പാടില്ല!
റീയ: ഹൊ, ഇങ്ങനെ കാര്യങ്ങൾ മാറ്റിപ്പറയുന്ന ഒരാൾ!
അലൻ: ഞാൻ എന്ത് മാറ്റിപ്പറഞ്ഞു എന്നാ?
റീയ: നീ എപ്പോഴും നിന്റെ കാര്യം മാത്രം ചിന്തിക്കും... ഭയങ്കര സ്വാർത്ഥൻ!
അലൻ: നിന്റെ അച്ഛനാടി സ്വാർത്ഥൻ!
റീയ: നിന്റെ... പോടാ തെണ്ടി! Good Bye!
അലൻ: നീ പോടി! Good Bye!
(ഇവിടെയും ഇത് തീരുന്നില്ല... കുറച്ചു കഴിയുമ്പോൾ അവർ വീണ്ടും മെസ്സേജ് അയക്കും. വികാരങ്ങളും പ്രണയവും വാക്കാലുള്ള വാക്കുകളിൽ മാത്രമല്ല, നിശബ്ദമായ ആംഗ്യങ്ങളിലും ഒരുപോലെയാണു... വഴക്കുകൾ എത്ര വന്ന് മുറിഞ്ഞാലും വീണ്ടും അത് കൂട്ടിച്ചേർക്കപ്പെടും).


Post a Comment

Thanks from your support

Previous Next

نموذج الاتصال