തണൽമരം
ഇന്ന് എന്റെ പതിനെട്ടാമത്തെ പെണ്ണുകാണലാണ്!
രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച്, അലക്കിത്തേച്ചുവെച്ച നീലക്കുപ്പായവും ധരിച്ച് കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു. മുടിയൊക്കെ ഒതുക്കി ചെറിയൊരു പൗഡറുമിട്ടപ്പോൾ 'ഇന്ന് എന്തായാലും കാര്യങ്ങൾ അനുകൂലമാകും' എന്ന് ഉള്ളിൽ ആരോ മന്ത്രിക്കുന്നതായി തോന്നി. അമ്മ നിർബന്ധിച്ച് തന്ന പ്രാതൽ പോലും വേണ്ടത്ര കഴിക്കാതെ, കയ്യിൽ വാച്ചും കെട്ടി ഞാൻ ധൃതിയിൽ പുറത്തേക്കിറങ്ങി.
മുറ്റത്ത് എന്നെയും കാത്ത് സുഹൃത്തുക്കളായ വിവേകും അഖിലും നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും രണ്ടുപേരുടെയും ചുണ്ടിൽ കളിയാക്കിച്ചിരി വിരിഞ്ഞു.
"ഇന്നെങ്കിലും ഒരു തീരുമാനമാകുമോ മാധവ് സാറേ?" വിവേക് ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ അവരെ ഒന്നു തുറിച്ചുനോക്കി. തിരിച്ചൊന്നും പറഞ്ഞില്ല. സത്യത്തിൽ അവരെ കുറ്റം പറയാൻ കഴിയില്ല. പ്രായം മുപ്പതിനോടടുത്തു. കൂടെ പഠിച്ചവരൊക്കെ കെട്ടി കുട്ടികളുമായി സന്തോഷത്തോടെ കഴിയുമ്പോൾ, അത്യാവശ്യം നല്ലൊരു ബിസിനസ്സും സ്വന്തമായി വീടുമുണ്ടായിട്ടും എനിക്ക് മാത്രം ഒരു പെണ്ണുപോലും ശരിയായില്ല. ജാതകദോഷമാണോ വിധി കേടാണോ എന്ന് അറിയില്ല, പോകുന്നിടത്തൊക്കെ എന്തെങ്കിലും വിഘ്നങ്ങൾ വരും.
തമാശയും കളിയാക്കലുകളുമായി ഞങ്ങൾ മൂന്നുപേരും വലിയമ്മയുടെ ഭർത്താവും കൂടി കാറിൽ കോട്ടയത്തുള്ള ആ വീടിലേക്ക് തിരിച്ചു. ജാതകപ്പൊരുത്തം വളരെ നല്ലതാണെന്നും, പെണ്ണ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നും അമ്മാവൻ പറഞ്ഞിട്ടുണ്ട്. "ദൈവമേ, ഇത്തവണയെങ്കിലും എന്നെ കൈവിടാതിരിക്കണേ" എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
പെണ്ണിന്റെ വീട്ടിലെത്തി. ഉമ്മറത്ത് തന്നെ അവളുടെ അച്ഛനും ചേട്ടനും സ്വീകരിക്കാൻ നിൽപ്പുണ്ടായിരുന്നു. അകത്തിരുന്ന് കുശല അന്വേഷണങ്ങൾക്ക് ശേഷം അമ്മാവൻ വിഷയം അവതരിപ്പിച്ചു:
"ജാതകപ്പൊരുത്തം പത്തിൽ എട്ടുമുണ്ട്. അടുത്ത മാസം തന്നെ നല്ലൊരു മുഹൂർത്തത്തിൽ കല്യാണം നടത്താം. നിങ്ങൾക്കും എതിർപ്പൊന്നുമില്ലല്ലോ?"
പെണ്ണിന്റെ അച്ഛൻ സന്തോഷത്തോടെ തലയാട്ടി. "മോളെ... ആ കാപ്പി ഇങ്ങെടുക്ക്," എന്ന് അകത്തേക്ക് വിളിച്ചുപറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ കസവുമുണ്ടും നേര്യതും ഉടുത്ത്, കരിമഷിയെഴുതിയ വലിയ കണ്ണുകളോടെ അവൾ കാപ്പിയുമായി വന്നൂ. ആദ്യ നോട്ടത്തിൽ തന്നെ എന്റെ മനസ്സിൽ അവളൊരു വലിയ സ്ഥാനമെടുത്തിരുന്നു. എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ച് അവൾ കാപ്പി നീട്ടി.
"മോൻ അകത്തേക്ക് ചെന്ന് അവളോട് സംസാരിച്ചോളൂ," എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ പതിയെ അവളുടെ മുറിയിലേക്ക് നടന്നു.
എന്നെ കണ്ടതും അവൾ അല്പം പരിഭ്രമത്തോടെ എഴുന്നേറ്റ് നിന്നു. കുറച്ചുനേരത്തെ മൗനത്തിന് ശേഷം ഞാൻ പറഞ്ഞു:
"എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി. നിനക്ക് സമ്മതമാണെങ്കിൽ..."
ഞാൻ പറഞ്ഞുതീർക്കും മുൻപേ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
"ഏട്ടൻ എന്നോട് ക്ഷമിക്കണം. എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല."
കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തരിച്ചുനിന്നു. "വേറെ ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ?"
"മുൻപ് ഉണ്ടായിരുന്നു..." അവളുടെ കണ്ണുകൾ നിറഞ്ഞു. ആ കണ്ണുകളിൽ വലിയൊരു നഷ്ടപ്രണയത്തിന്റെ സങ്കടം ഉണ്ടായിരുന്നു.
"ഒരു പ്രണയം ഉണ്ടായിരുന്നത് തെറ്റൊന്നുമല്ലല്ലോ. ആ പഴയ ഓർമ്മകൾ മാറാൻ സമയമെടുക്കുമെങ്കിൽ ഞാൻ കാത്തിരിക്കാം," ഞാൻ പറഞ്ഞു.
എന്റെ മറുപടി കേട്ട് അവൾ കുറച്ചുനേരം നിശബ്ദയായി. പിന്നെ തണുത്ത സ്വരത്തിൽ പറഞ്ഞു:
"ഏട്ടനെ ചതിക്കാൻ എനിക്ക് കഴിയില്ല. എല്ലാം മറച്ചുവെച്ച് വിവാഹം കഴിക്കാൻ എനിക്ക് വയ്യ. പ്രായത്തിന്റെ പക്വതക്കുറവ് കൊണ്ട്... ഞാൻ കാരണം അന്ന് ചില അതിരുകൾ ലംഘിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് അതിൽ വലിയ പശ്ചാത്താപമുണ്ട്."
അത് കേട്ടതും തലയ്ക്കടിയേറ്റതുപോലെ എനിക്ക് തോന്നി. ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് ഇറങ്ങിപ്പോയി. വീട്ടിലേക്ക് തിരികെ പോരുമ്പോൾ കാറിൽ എല്ലാവരും സന്തോഷത്തിലായിരുന്നു, പക്ഷേ ഞാൻ മാത്രം നിശബ്ദനായി.
"വേണ്ട... ഈ ലോകത്ത് ഇവൾ മാത്രമല്ലല്ലോ പെണ്ണ്. വേറെ നല്ലൊരു കുട്ടിയെ എനിക്ക് കിട്ടും," എന്ന് മനസ്സിൽ ഉറപ്പിച്ചാണ് അന്ന് രാത്രി ഞാൻ കിടന്നത്.
പക്ഷേ, എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇനി വരുന്ന പെണ്ണും ഇതേപോലെ ആവില്ലെന്ന് എന്താണ് ഉറപ്പ്? എല്ലാം മറച്ചുവെച്ച് വഞ്ചിക്കാമായിരുന്നിട്ടും, സ്വന്തം ഭാവി പോലും നോക്കാതെ സത്യം തുറന്നുപറയാൻ അവൾ കാണിച്ച ആ വലിയ മനസ്സിനെ എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ?
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചു. അവൾ തന്നെയാണ് ഫോണെടുത്തത്.
"ഞാനാണ് മാധവ്... ഞങ്ങളുടെ വീട്ടുകാർ അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ട്. ഈ മാസം തന്നെ നിശ്ചയം നടത്താം, അടുത്ത മാസത്തിൽ കല്യാണം."
അപ്പുറത്ത് ഒരു വിതുമ്പൽ മാത്രം കേട്ടു.
"ഏട്ടാ... ഞാൻ..."
"മനുഷ്യരായി ജനിച്ച ആർക്കും തെറ്റുകൾ സംഭവിക്കാം. എന്നാൽ അത് മനസ്സിലാക്കി സത്യസന്ധമായി ജീവിക്കാൻ കാണിച്ച നിന്റെ ഈ മനസ്സിനെയാണ് ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത്. ആ തെറ്റ് ക്ഷമിക്കാൻ എനിക്ക് കഴിയും," ഞാൻ ഉറപ്പിച്ചു പറഞ്ഞു.
അന്ന് ഞാൻ എടുത്ത തീരുമാനം എത്ര ശരിയായിരുന്നു എന്ന് ഇന്ന് എന്റെ ഓരോ ദിവസവും അവൾ തെളിയിക്കുകയാണ്. എന്നെ മാത്രം സ്നേഹിക്കുന്ന ഒരു നല്ല ഭാര്യയായി, എന്റെ കുഞ്ഞിന്റെ സ്നേഹമുള്ള അമ്മയായി അവൾ എന്റെ ജീവിതത്തിലെ തണൽമരമായി കൂടെയുണ്ട്.
ഗുണപാഠം: ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരില്ല. എന്നാൽ തെറ്റുകൾ തിരിച്ചറിഞ്ഞ്, സത്യസന്ധമായി ജീവിക്കാൻ ശ്രമിക്കുന്നവരെ ഉൾക്കൊള്ളാനും ക്ഷമിക്കാനും കഴിയുന്നതാണ് യഥാർത്ഥ സ്നേഹം.