വഴിതെറ്റുന്ന നിഴലുകൾ
ബാത്ത്റൂമിലെ ഷവറിൽ നിന്നും ഒഴുകിവീഴുന്ന തണുത്ത വെള്ളത്തിന് കീഴിൽ നിൽക്കുമ്പോഴും മാധവിന്റെ ഉള്ളിലെ കലി അടങ്ങിയിരുന്നില്ല. തോളിലെ ടവലെടുത്ത് ദേഹം തുടച്ച്, വസ്ത്രങ്ങൾ മാറിയ ശേഷം അയാൾ വീണ്ടും ഹാളിലേക്ക് വന്ന് സോഫയിലേക്ക് വീണു. കിടപ്പുമുറിയിൽ തനിയെ കിടക്കുന്ന അഞ്ജലിയെക്കുറിച്ച് അയാൾക്ക് യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.
ഓഫീസിൽ തനിക്ക് അർഹതപ്പെട്ട പ്രൊമോഷൻ ജൂനിയറായ മറ്റൊരാൾക്ക് കൊടുത്ത മാനേജരോടുള്ള ദേഷ്യമാണ് അയാൾ മുറിക്കുള്ളിൽ അഞ്ജലിയുടെ മേൽ തീർത്തത്. പത്തു വർഷമായി അധ്വാനിക്കുന്ന സ്ഥാപനത്തിൽ നിന്ന് നേരിട്ട ആ അവഗണന അയാളുടെ മാനസികനില തെറ്റിച്ചിരുന്നു. എന്നാൽ എന്നും അങ്ങനെയായിരുന്നു; പുറത്തുനിന്നുള്ള സകല മാനസികസമ്മർദ്ദങ്ങളും കോപവും തീർക്കാൻ അയാൾ കണ്ടെത്തിയ മാർഗ്ഗം സ്വന്തം ഭാര്യയുടെ ശരീരമായിരുന്നു.
അപ്പുറത്തെ മുറിയിൽ, ബെഡ്ഷീറ്റ് നെഞ്ചോടടക്കിപ്പിടിച്ച് നിശബ്ദയായി വിതുമ്പുന്ന അഞ്ജലിയെ അയാൾ കണ്ടില്ല. പ്രണയമോ ആർദ്രതയോ ഇല്ലാതെ, കേവലം ഒരു വസ്തുവിനെയെന്നപോലെ തന്നോട് പെരുമാറുന്ന ഭർത്താവിന് മുന്നിൽ സ്വന്തം ബെഡ്റൂമിൽ നിരന്തരം ഇരയാക്കപ്പെടുന്ന അനേകം സ്ത്രീകളിൽ ഒരാളായിരുന്നു അവളും.
ദേഹമാസകലം നീറ്റൽ അനുഭവപ്പെട്ടു. ഒരിക്കൽപോലും സ്നേഹത്തോടെ ഒന്ന് പുണരാനോ, ആശ്വസിപ്പിക്കാനോ അയാൾ മുതിർന്നിട്ടില്ല. വിവാഹത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മനസ്സിൽ നെയ്തുകൂട്ടിയ മനോഹരമായ സ്വപ്നങ്ങളൊക്കെയും എന്നോ തകർന്നുപോയിരുന്നു. സ്വന്തം വീട്ടിൽ, ഒരാൾക്ക് മാത്രം വഴങ്ങി കൊടുക്കേണ്ടി വരുന്ന ഒരു വേശ്യയെപ്പോലെയാണ് അവൾക്ക് സ്വയം തോന്നിയത്.
പെട്ടെന്നാണ് ടേബിളിലിരുന്ന അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. അഞ്ജലി പതുക്കെ കൈനീട്ടി ഫോണെടുത്തു.
അത് അരുണിന്റെ സന്ദേശമായിരുന്നു.
"അഞ്ജു... ഞാൻ നമ്മുടെ ടെറസ്സിൽ നിൽക്കുകയാ. പുറത്ത് നല്ല കാറ്റുണ്ട്, ആകാശത്ത് വട്ടച്ചന്ദ്രനും. മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ നിന്റെ ഒപ്പം അല്പസമയം സംസാരിച്ചിരിക്കാൻ തോന്നുവാ. നീ വരുന്നോ ഇങ്ങോട്ട്? നമുക്ക് വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കാം..."
അഞ്ജലി കണ്ണുകളടച്ചു. നിറഞ്ഞൊഴുകിയ ഒരു കണ്ണീർത്തുള്ളി അവളുടെ കവിളിലൂടെ തലയിണയിലേക്ക് പടർന്നു.
മാധവനിൽ നിന്ന് ലഭിക്കാത്ത പരിഗണനയും വാത്സല്യവും സ്നേഹവാക്കുകളായി ചൊരിയുന്ന അരുൺ, തനിക്ക് തരുന്ന ആശ്വാസത്തിന്റെ വില എന്താണെന്ന് അവൾ ചിന്തിച്ചില്ല. വിരലുകൾ ഫോണിൽ വേഗത്തിൽ ചലിച്ചു:
"ഞാൻ വരാം അരുൺ..."
താനൊരു അപകടകരമായ ചതിക്കുഴിയിലേക്കാണ് നടന്നടുക്കുന്നതെന്ന് തിരിച്ചറിയാതെ, ആ വ്യാജ ആശ്വാസത്തിന് പിന്നാലെ അവൾ എഴുന്നേറ്റു. ഇരുട്ടിൽ, ആരും കാണാതെ മറ്റൊരു ചിലന്തി അവൾക്കായി വല നെയ്യുന്നുണ്ടായിരുന്നു...
--- ശുഭം ---
🔎
